Egyptian mummies ഈജിപ്തിൽ പുരാവസ്തു ശാസ്ത്രജ്ഞർ മമ്മികൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. നിരന്തരം ഗവേഷണം നടക്കുകയും അത്ഭുതങ്ങളുടെ കലവറ വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുകയാണ് അവിടെ
ഈജിപ്തിൽ പുരാവസ്തു ശാസ്ത്രജ്ഞർ മമ്മികൾ കണ്ടെത്തുന്നത് ഇതാദ്യമല്ല. നിരന്തരം ഗവേഷണം നടക്കുകയും അത്ഭുതങ്ങളുടെ കലവറ വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുകയാണ് അവിടെ. എന്നാൽ ഇത്തവണത്തെ കണ്ടെത്തലുകൾ ശാസ്ത്രജ്ഞർക്ക് കൂടുതൽ ആവേശകരമാകുന്നത് മറ്റൊന്നും കൊണ്ടല്ല, കണ്ടെത്തിയത് 250 മമ്മികളോട് കൂടിയ ശവമഞ്ചങ്ങൾക്കൊപ്പം നൂറ്റന്പതോളം വെങ്കല പ്രതിമകളടക്കമുള്ള പുരാവസ്തുക്കളുമാണ്. സഖാറ പിരമിഡിലെ ബുബാസ്റ്റിയോൺ ശവക്കല്ലറയിലെ ഉത്ഖനനത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പുരാവസ്തുശേഖരമാണിത്. യാതൊരു കേടുപാടും പറ്റാത്തനിലയിലാണ് ശവമഞ്ചങ്ങളെല്ലാം വീണ്ടെടുക്കാനായത്. മരത്തിൽ ചിത്രപ്പണികൾ ചെയ്ത് ചായം പൂശിയ ശവമഞ്ചങ്ങൾ ബി.സി.500 കാലഘട്ടത്തിലേതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
undefined
മമ്മികൾക്കപ്പുറം കണ്ടെടുത്തത്
ദേവീദേവന്മാരായ അനുബിസ്, അമുൻ,മിൻ,ഒസിരിസ്,ഐസിസ്,നെഫർതും,ബേസ്റ്റെറ്റ്,ഹേതർ എന്നിവരുടെ പ്രതിമകൾ കണ്ടെത്തിയവയിലുണ്ട്. ഐസിസ് ദേവതയുടെ ആരാധനയ്ക്ക് ഉപയോഗിക്കുന്ന വെങ്കലപ്പാത്രങ്ങളും കണ്ടെത്തി. സഖാറ പിരമിഡ് നിർമിച്ച വാസ്തുശിൽപി ഇംഹോതെപിന്‍റെ പ്രതിമ തലയറ്റുപോയനിലയിലാണ് കണ്ടെത്തിയത്. ഈജിപ്തിലെ ജനങ്ങൾ ആദ്യകാലത്ത് എഴുതാനായി ഉപയോഗിച്ചിരുന്ന പാപ്പിറസ് താളുകളും ഒരു ശവപേടകത്തിൽ ഉണ്ടായിരുന്നു.
വിവിധ പ്രാർത്ഥനകളും സന്ദേശങ്ങളും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള വിവരണങ്ങളുമെല്ലാമുള്ള 'മരിച്ചവരുടെ പുസ്തക'ത്തിൽ നിന്നുള്ള വരികളാണ് ഇതിലുള്ളതെന്നാണ് നിഗമനം. ഇത് കൂടുതൽ പഠനത്തിന് അയച്ചു. മരത്തിൽ തീർത്ത നിരവധി പെട്ടികളും മന്ത്രത്തകിടുകളും ശവമഞ്ചങ്ങളിൽ മമ്മികൾക്കൊപ്പം ഉണ്ടായിരുന്നു. സൗന്ദര്യ വർധക വസ്തുക്കളാണ് കൗതുകമുണർത്തുന്ന മറ്റൊന്ന്. സുറുമയും കമ്മലുകളും മാലകളും ബ്രേസ്‍ലെറ്റുകളും ചീർപ്പുമടക്കമുള്ള വസ്തുക്കളാണ് കണ്ടെത്തിയത്. സിസ്ട്രം എന്ന വാദ്യോപകരണവും അമൂല്യനിധിയുടെ ഭാഗമാണ്.
വിസ്മയം ഇനി സഞ്ചാരികൾക്ക് മുന്നിൽ
ഈജിപ്ഷ്യൻ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിലിറങ്ങിച്ചെല്ലുന്ന പുരാവസ്തു ഗവേഷകരുടെ ശ്രമങ്ങൾക്ക് സർക്കാരിന്‍റെ അകമഴിഞ്ഞ പ്രോത്സാഹനമുണ്ട്. കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നത് തന്നെ കാരണം. രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷം പതിയെ സജീവമായി വന്നപ്പോഴാണ് കൊവിഡ് വ്യാപനം വിനോദസഞ്ചാരമേഖലയെ തകർത്തത്. വീണ്ടും പ്രതീക്ഷ വീണ്ടെടുത്തപ്പോഴാകട്ടെ യുക്രെയ്ൻ യുദ്ധം കാര്യങ്ങൾ തകിടംമറിച്ചു. റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നും നിരവധി സഞ്ചാരികളെത്തിയിരുന്ന രാജ്യത്തിന് വലിയ തിരിച്ചടിയാണ് യുദ്ധം മൂലം ഉണ്ടായത്. തിരിച്ചുവരവിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സർക്കാർ.ഈ വർഷം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലാകും കണ്ടെത്തിയ വസ്തുക്കളെല്ലാം പ്രദർശിപ്പിക്കുക .ലോകാത്ഭുതങ്ങളിലൊന്നായ ഗിസ പിരമിഡിന് സമീപമാണ് മ്യൂസിയം ഒരുങ്ങുന്നത്.
തുടരുന്ന ഉത്ഖനനം
പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് സഖാറ.ഏറ്റവും പഴക്കമുള്ള പിരമിഡിന്‍റെ കേന്ദ്രം. ഗിസ പിരമിഡിനേക്കാൾ പഴക്കമുണ്ട് സഖാറയിലേതിന്. നിരവധി ശവക്കല്ലറകൾ ഉള്ളയിടം.
2018 ഏപ്രിലിലാണ് സഖാറയിൽ ഉത്ഖനനം തുടങ്ങിയത്. നാലാമത്തെ ഉത്ഖനന പദ്ധതിയിലാണ് കൂടുതൽ പ്രതീക്ഷ നൽകുന്ന ഈ കണ്ടെത്തലുകൾ.അടുത്ത ഘട്ടം സെപ്തംബറിൽ തുടങ്ങും. ഈജിപ്ഷ്യൻ സംസ്കാരത്തിന്‍റെ ഉള്ളറകളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാകും ഓരോ പുതിയ കണ്ടെത്തലും എന്നുറപ്പ്.