അന്‍റാർട്ടിക്ക, സഹാറ, ആമസോൺ, അസംഭവ്യമെന്ന് ഇതുവരെ കരുതിയ മാറ്റങ്ങൾ! പ്രകൃതിയിലെ മാറ്റങ്ങൾ അപകട സൂചനയോ?

By Asmitha Kabeer  |  First Published Oct 25, 2024, 12:27 AM IST

ഇനിയെങ്കിലും മനുഷ്യൻ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന നഷ്ടങ്ങൾ ചിലപ്പോൾ ഒരിക്കലും നികത്താനായേക്കില്ല


പ്രകൃതിക്ക് ഒരു ക്രമവും താളവുമുണ്ട്. അതിനനുസരിച്ചാണ് ഭൂമിയിൽ പല കാര്യങ്ങളും നടക്കുന്നത്. ഓരോ ഭൂപ്രദേശങ്ങളും ഓരോ തരത്തിൽ, ഓരോ നാട്ടിലും മഴയ്ക്കും വെയിലിനും മഞ്ഞിനുമെല്ലാം ഓരോ കാലമാണ്. എപ്പോഴും വരണ്ടിരിക്കുന്ന, മണൽക്കാടുകളായ മരുഭൂമികൾ ഒരു വശത്ത്. പച്ചയുടെ തരിപോലും കാണാനാവാത്ത, മഞ്ഞ് മൂടിയ ധ്രുവപ്രദേശം മറ്റൊരു വശത്ത്. എപ്പോഴും നിറഞ്ഞൊഴുകുന്ന മഹാനദികൾ, പച്ചപ്പ് നിറഞ്ഞ വനാന്തരങ്ങൾ അങ്ങനെ നീളുന്നതാണ് പ്രകൃതിയുടെ മനോഹാരിത. എന്നാൽ ഈ ക്രമമെല്ലാം തെറ്റിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവിധ വിചിത്ര സംഭവങ്ങൾ ചൂണ്ടികാട്ടുന്നത്. അസംഭവ്യമെന്ന് ഇതുവരെ കരുതിയ കാര്യങ്ങളാണ് ഇവ എന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്.

അന്‍റാർട്ടിക്ക എന്ന് കേൾക്കുമ്പോൾത്തന്നെ എങ്ങും മഞ്ഞിനാൽ പുതഞ്ഞ ഭൂപ്രദേശമാകും ഏവരുടെയും മനസിലുണ്ടാകുക. പക്ഷേ അതെല്ലാം പഴങ്കഥകളാകുകയാണ്. അന്‍റാർട്ടിക്ക പച്ചപ്പിലേക്ക് വഴിമാറുകയാണ്. അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് ആശങ്കാജനമാകും വിധം വര്‍ധിക്കുകയാണെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ പതിറ്റാണ്ടുമായി താരതമ്യം ചെയ്യുമ്പോൾ അന്‍റാര്‍ട്ടിക്ക പത്ത് മടങ്ങ് ഹരിതാഭമായെന്നാണ് കണ്ടെത്തൽ. 1986 നും 2021 നും ഇടയില്‍ അന്‍റാര്‍ട്ടിക്കയിലെ പച്ചപ്പ് 14 മടങ്ങായാണ് വർധിച്ചിരിക്കുന്നത്. ഇതില്‍  30 ശതമാനത്തിലേറെയും കടല്‍പായലുകളാണ്. 2016 മുതലാണ് ഇവയുടെ വ്യാപനത്തിന് വേഗതയേറിയത്. ഇത് അതിവേഗത്തിൽ കാലാവസ്ഥ മാറ്റമുണ്ടാകുന്നതിന്‍റെ സൂചനയാണെന്ന് ഗവേഷകർ പറയുന്നു. 99.6% മഞ്ഞ് മൂടിക്കിടക്കുന്ന ഇവിടെ മനുഷ്യവാസമില്ല. ഒരു കാലത്ത് പുല്‍മേടുകളും കാടുകളുമെല്ലാമുള്ള പ്രദേശമായിരുന്നു അന്‍റാർട്ടിക്ക എന്നും പിന്നീട് മഞ്ഞിൽ പുതയുകയായിരുന്നു എന്നുമാണ് ഗവേഷകരുടെ അഭിപ്രായം. അന്‍റാർട്ടിക്കയിൽ പച്ചപ്പ് കൂടുന്നത് ആൽബിഡോ പ്രഭാവം കുറയാൻ കാരണമാകും. ഇത് ചൂട് കൂടാനും സസ്യങ്ങളുടെ വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഇടയാക്കും. ആഗോള ശരാശരിയെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് അന്‍റാര്‍ട്ടിക്കയിലെ ചൂട് വര്‍ധിക്കുന്നത്.  

Latest Videos

undefined

അന്‍റാർട്ടിക്കയിൽ തണുപ്പ് ചൂടിലേക്ക് വഴിമാറുകയാണെങ്കിൽ സഹാറ മരുഭൂമിയിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. വരണ്ടുണങ്ങി അറ്റമില്ലാത്ത കിടന്നിരുന്ന ആ മരുപ്രദേശം ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കനത്ത മഴയിൽ വെള്ളത്തിന് അടിയിലായിരിക്കുകയാണ് സഹാറ മരുഭൂമി. അരനൂറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു പ്രളയത്തിന് സഹാറ സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ അവസാനത്തിൽ പെയ്ത അതിതീവ്ര മഴയിലാണ് പ്രദേശത്ത് പ്രളയമുണ്ടായത്. ഇതും വലിയ അപകടത്തിന്റെ സൂചനയാണെന്നാണ് വിദഗ്ധർ പറയുന്നത്. ആഗോളതലത്തിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജലചക്രത്തിന്റെ സൂചനയാണ് ഇതെന്നാണ് ലോക കാലാവസ്ഥാ സംഘടനാ സെക്രട്ടറി ജനറൽ വിവരിച്ചത്. ഒന്നുകിൽ കനത്ത മഴ, അല്ലെങ്കിൽ കടുത്ത വരൾച്ച എന്ന രീതിയിലേക്ക് കാലാവസ്ഥ മാറുകയാണോ എന്ന ആശങ്കയാണ് ഇതെല്ലാം ഉയർത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളുന്ന നദിയായ ആമസോൺ നദി ഇപ്പോൾ കടുത്ത വരൾച്ചയെ അഭിമുഖീരിക്കുന്നു എന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. ബ്രസീലിയൻ നഗരത്തിലൂടെ ആമസോൺ നദി കടന്നുപോകുന്നുണ്ട്. ഇവിടെ നടത്തിയ നിരീക്ഷണത്തിലാണ് നദിയുടെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയത്. സാധാരണ വേനൽക്കാലത്ത് നദിയുടെ ജലനിരപ്പിൽ മാറ്റമുണ്ടാകാറുണ്ടെങ്കിലും വേനലെത്തും മുമ്പേ സംഭവിച്ച ഈ മാറ്റം ആശങ്ക സൃഷ്ടിക്കുന്നതാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് മേഖലയിൽ ചൂട് കൂടിയതുതന്നെയാണ് ഇതിനുള്ള കാരണമായി വിദഗ്ധർ പറയുന്നത്. ഏതായാലും ആമസോൺ പോലെയൊരു മഹാനദിയിൽ വരൾച്ചയുണ്ടാവുക എന്നതും ലോകം നേരിടുന്ന, അല്ലെങ്കിൽ നേരിടാൻ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒന്നാണെന്നാണ് വിലയിരുത്തൽ.

ലോകത്തെ ബാധിക്കാനിടയുള്ള മറ്റൊരു പ്രധാന പ്രശ്നം ആമസോൺ മഴക്കാടുകളിൽ അടിക്കടിയുണ്ടാകുന്ന കാട്ടുതീയാണ്‌. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ തുടർച്ചയായി കാട്ടുതീയുണ്ടാക്കുന്നതും ഹെക്ടർ കണക്കിന് വനഭൂമി കത്തിയമരുന്നതും വലിയ വാർത്തയായിരുന്നു. ആമസോൺ കാടുകളുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന രാജ്യം ബ്രസീൽ ആണ്. എന്നാൽ കാട്ടുതീ കെടുത്താനോ ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തടയാനോ ബ്രസീലിയൻ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്നതും പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. വനനശീകരണം അടക്കമുള്ളവയാണ് ഈ ദുരന്തത്തിന് കാരണമാകുന്നത്. ഇവിടുത്തെ കാട്ടുതീയുടെ വലിയൊരു ഭാഗവും മനുഷ്യനിർമ്മിതമാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഭൂമിക്ക് ആവശ്യമായ ഓക്സിജന്‍റെ 20% ൽ അധികം ഉല്പാദിപ്പിക്കുന്നത് ആമസോൺ കാടുകളാണ്. അതുകൊണ്ടുതന്നെ ഈ തീപിടിത്തങ്ങളും അതിലൂടെയുണ്ടാകുന്ന ആമസോൺ കാടുകളുടെ നശീകരണവും നമ്മൾ പ്രതീക്ഷിക്കുന്നതിലും ഗുരുതരമായി ലോകത്തെ ബാധിച്ചേക്കും.

വലിയ അപകടങ്ങളാണ് ലോകത്തെ കാത്തിരിക്കുന്നത് പ്രകൃതിതന്നെ മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന നഷ്ടങ്ങൾ ചിലപ്പോൾ ഒരിക്കലും നികത്താനായേക്കില്ല. അതുകൊണ്ടുതന്നെ ഭൂമിയിൽ മനുഷ്യൻ പുലർത്തേണ്ട ജാഗ്രതയും വർധിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!