അമേരിക്കയിൽ പാലം തകരാനിടയായ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാർ: വൻ അപകടം നടന്നത് വാഹനങ്ങൾ പാലത്തിലുള്ളപ്പോൾ

By Web Team  |  First Published Mar 26, 2024, 9:46 PM IST

അതേസമയം, കപ്പലിലുള്ളവർക്ക് പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ 20 പേരെ കാണാതായതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല.


ബാൾട്ടിമോർ: അമേരിക്കയിലെ  ബാൾട്ടിമോറിൽ പാലം തകരാൻ ഇടയാക്കിയ ചരക്ക് കപ്പലിൽ ഉള്ളവരെല്ലാം ഇന്ത്യക്കാരെന്ന് കപ്പൽ കമ്പനി. ദാലി കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ കപ്പൽ കമ്പനിയായ സിനെർജി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, കപ്പലിലുള്ളവർക്ക് പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ 20 പേരെ കാണാതായതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല. അതിദാരുണമായ അപകടമെന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചത്.  പാലം എത്രയും വേഗം കേന്ദ്ര ഗവൺമെന്‍റ് പുനർ നിർമ്മിക്കും. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണനയെന്നും ബൈഡൻ പറഞ്ഞു.

പാലത്തിന്റെ പ്രധാന തൂണിലായിരുന്നു കപ്പല്‍ ഇടിച്ചത്. ഇതോടെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയായിരുന്നു. ഇടിയുടെ ഭാഗമായി കപ്പലിന് തീപിടിച്ചതായും, ഡീസൽ നദിയിൽ കലർന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.

Latest Videos

ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്. മൂന്ന് കിലോമീറ്റർ നീളമാണ് ഈ പാലത്തിനുള്ളത്. ബാൾട്ടിമോറിലെ അഗ്നിരക്ഷാ പ്രവർത്തകരും പൊലീസും അടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പാലം തകർന്ന സമയത്ത് വെള്ളത്തിലേക്ക് വീണ് പോയ കാറുകളിൽ  ഉള്ളവരെ കാണാതായെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.

അപകടത്തിൽ എത്ര പേർ ഉൾപ്പെട്ടവെന്നതും അടക്കമുള്ള കൂടുതൽ വിവരങ്ങളും ഇനിയും പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പുർ പതാകയുള്ള ദാലി, സിനെർജി മറൈൻ ഗ്രൂപ്പിന്റെ  കണ്ടെയ്നർ കപ്പലായിരുന്നു അപകടത്തിൽ പെട്ടത്. 1977ൽ നിർമ്മിതമായ പാലമാണ് തകർന്നത്.  അപകടത്തിന് മുൻപ് കപ്പലില്‍നിന്നും  ബാൾട്ടിമോർ പോർട്ട് അധികൃതർക്ക് അടിയന്തിര സന്ദേശം ( mayday) നൽകി. 
ഇതേതുടര്‍ന്ന് തുടർന്ന് പാലം ഉടൻ അടച്ചെന്നും  പാലത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായെന്നും മേരിലൻഡ് ഗവർണ്ണർ പറഞ്ഞു.

കണ്ടെയ്നർ കപ്പൽ ഇടിച്ച് പാലം തകർന്നു, കാറുകളും ആളുകളും വെള്ളത്തിലേക്ക് വീണു, രക്ഷാപ്രവർത്തനം സജീവം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!