'അതിരുവിട്ട ഓൺലൈന് പോര്'; ടിക് ടോക്ക് നിരോധിച്ച് അൽബേനിയ, തീരുമാനം 14 കാരനെ സഹപാഠി കുത്തിക്കൊന്നതിന് പിന്നാലെ

By Web Team  |  First Published Dec 23, 2024, 1:13 PM IST

വിദ്യാർഥിയുടെ കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് രാജ്യത്ത് ഒരു വർഷത്തേക്ക് ടിക് ടോക്ക് നിരോധിച്ച് അൽബേനിയ ഉത്തരവിറക്കിയത്.


ടിരാന: പതിനാല് വയസുകാരനെ സഹപാഠിയായ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്ക് നിരോധിച്ച് അൽബേനിയ. ഒരു വർഷത്തേക്ക്  ടിക്ടോക്ക് നിരോധിച്ചതായി യൂറോപ്യൻ രാജ്യമായ അൽബേനിയ അറിയിച്ചു. കഴിഞ്ഞ മാസമാണ് സഹപാഠിയായ 14കാരനെ വിദ്യാർത്ഥി കൊലപ്പെടുത്തുന്നത്. ഇരുവരും തമ്മിൽ ടിക്ടോക്ക് വീഡിയോകളിലൂടെ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വിദ്യാർത്ഥികൾ ടിക് ടോക്കിലൂടെ തർക്കത്തിലേർപ്പട്ടതിന്‍റെ വീഡോയകളും കമന്‍റ് സ്ക്രീൻഷോട്ടുകളും പുറത്ത് വന്നിരുന്നു. ഈ കൊലപാതകത്തെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വീഡിയോകളും ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടു. തുടർന്നാണ് രാജ്യത്ത് ഒരു വർഷത്തേക്ക് ടിക് ടോക്ക് നിരോധിച്ച് അൽബേനിയ ഉത്തരവിറക്കിയത്. സ്കൂളുകൾ സുരക്ഷിതമായിരിക്കണം. കുട്ടികളിൽ അക്രമവാസന ഉണ്ടാകാൻ പാടില്ല.  നിരോധനം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് രാജ്യത്തുടനീളമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം കേട്ടശേഷമാണ് തീരുമാനമെന്നും അൽബേനിയ പ്രധാനമന്ത്രി എഡി രാമ പറഞ്ഞു.

Latest Videos

undefined

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ടിക് ടോക്ക് അധികൃതരും വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയ 14 വയസിൽ താഴയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നിട്ടുണ്ട്. ഫ്രാൻസ്, ബെൽജിയം, ജർമിനി,  തുടങ്ങിയ രാജ്യങ്ങളും കുട്ടികൾ  സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

Read More :  ബോംബുകളുടെ മുഴക്കത്തിനിടയിൽ ക്രിസ്മസ് കുർബാന; കർദിനാൾ പീർബാറ്റിസ്റ്റക്ക് ഗാസയിൽ പ്രവേശിക്കാൻ അനുമതി നൽകി

click me!