ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് തകർന്നുവീണ് എയര്‍ ആംബുലന്‍സ്, ഡോക്ടർ അടക്കം 4 പേർ കൊല്ലപ്പെട്ടു

By Web Team  |  First Published Nov 3, 2023, 1:48 PM IST

സംഭവ സ്ഥലത്തേക്ക് 20 മിനിറ്റിലധികം സമയമെടുത്താണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഇതിനോടകം വിമാനം കത്തിയമര്‍ന്നിരുന്നു


മെക്സികോ: ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന് വീണ് എയര്‍ ആംബുലന്‍സ്. നാല് പേര്‍ അഗ്നിക്കിരയായി. മെക്സിക്കോയിലെ മോറെലോസിലാണ് ബുധനാഴ്ച എയർ ആംബുലന്‍സ് തകർന്ന് വീണത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിന് വെറും അമ്പത് കിലോമീറ്റര്‍ അകലെ വച്ചാണ് എയര്‍ ആംബുലന്‍സ് നിലംപൊത്തിയത്. കുന്നിന്‍ ചെരിവിലെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് വീണ വിമാനത്തിൽ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടരുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ അടക്കം നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തിലെ ആംബുലന്‍സ് സംവിധാനവുമായി ബന്ധപ്പെട്ടവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. ടോലുക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ലിയര്‍ജെറ്റിന്റെ എയർ ആംബുലന്‍സ് ടേക്ക് ഓഫ് ചെയ്തത്. അപകടത്തിന് പിന്നാലെ കുന്നിന്‍ ചെരിവിലെ മരങ്ങള്‍ക്കിടയില്‍ നിന്ന് വലിയ ഉയരത്തില്‍ പുക വരുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Latest Videos

undefined

ലിയര്‍ജെറ്റിന്റെ 35 ഇനത്തിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ്, സഹ പൈലറ്റ്, ഡോക്ടര്‍, പാരാമെഡിക് എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കുന്നിന്‍ ചെരിവിലേക്ക് കൂപ്പുകുത്തുന്നതിന് മുന്‍പ് വിമാനം വായുവില്‍ വെട്ടിത്തിരിഞ്ഞിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. വലിയ രീതിയിലുള്ള മൂന്ന് സ്ഫോടന ശബ്ദവും കേട്ടതായാണ് ദൃക്സാക്ഷികള്‍പറയുന്നു.

സംഭവ സ്ഥലത്തേക്ക് 20 മിനിറ്റിലധികം സമയമെടുത്താണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനായത്. ഇതിനോടകം വിമാനം കത്തിയമര്‍ന്നിരുന്നു. എക്സ് ഇ മെഡിക്കല്‍ ആംബുലന്‍സ് എന്ന സ്ഥാപനത്തിന്റേതാണ് അപകടത്തില്‍പ്പെട്ട വിമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!