
പത്ത് വര്‍ഷമായി സമ്പാദിച്ച പണം കൊണ്ട് ഒരു വാഹനം വാങ്ങുക, മണിക്കൂറുകൾക്കകം അത് കത്തി ചാമ്പലായി ഇല്ലാതാവുക. വാഹന പ്രേമികൾക്കെന്നല്ല, ആര്‍ക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണത്. ജപ്പാനിൽ നടന്ന ഒരു സംഭവമാണ് വാര്‍ത്തയായി പുറത്തുവരുന്നത്. പത്ത് വര്‍ഷമായി സമ്പാദ്യം കൂട്ടിവച്ച് വാങ്ങിയ ഫെരാരി കാര്‍ ഡെലിവറി ചെയ്ത് ഒരു മണിക്കൂറിനകം കത്തിനശിച്ചതാണ് സംഭവം.
'ജപ്പാനിൽ ഇങ്ങനെ ഒരു പ്രശ്‌നം അനുഭവിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണെന്ന് എനിക്ക് ഉറപ്പുണ്ട്' കാറുടമയായ ഹോങ്കൺ എക്‌സിൽ പോസ്റ്റ് ചെയ്തു. ജപ്പാനിൽ ടോക്കിയോയിലെ ഷൂട്ടോ എക്സ്പ്രസ് വേയിലാണ് ഫെരാരി 458 സ്പൈഡർ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചത്. 20 മിനിറ്റിനുള്ളിൽ തീ അണച്ചെങ്കിലും കാര്യമായൊന്നും ബാക്കിയായില്ല.
ദി സൺ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കാറിന് 2.5 കോടി രൂപ വിലവരും. സംഗീത നിർമ്മാതാവായ ഹോങ്കൺ (33) ഒരു പതിറ്റാണ്ടോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം കൊണ്ടാണ് ഏപ്രിൽ 16ന് ഫെരാരി സ്വന്തമാക്കിയത്. പക്ഷേ ഭാഗ്യവശാൽ ആർക്കും പരിക്കില്ല. തീ അണച്ചപ്പോൾ, മുൻവശത്തെ ബമ്പറിന്റെ ഒരു ചെറിയ ഭാഗം ഒഴികെ, കാറിന്റെ ഏതാണ്ട് മുഴുവനായും കത്തിനശിച്ചിരുന്നു.
തീപിടിത്തത്തിന് മുമ്പ് ഒരു അപകടവും ഉണ്ടായിരുന്നില്ല.വാഹനം ഓടിക്കുന്നതിനിടെ തീ കാണുകയും പെട്ടെന്ന് പുറത്തിറങ്ങുകയും ആയിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. പൊലീസ് എന്താണ് കാരണം അന്വേഷിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam