ചൂട് പ്രതിരോധിക്കാനായി പരമ്പരാഗത ഈൽ വിഭവം കഴിച്ചു, 90കാരിക്ക് ദാരുണാന്ത്യം, 150 പേർ ചികിത്സയിൽ

By Web Team  |  First Published Aug 12, 2024, 11:49 AM IST

ഗ്രിൽഡ് ഈൽ ടോക്കിയോയ്ക്ക് സമീപത്തുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിലൂടെയായിരുന്നു വിൽപന നടത്തിയിരുന്നത്.  ഗ്രിൽഡ് ഈലിന്റെ 1700 സെറ്റുകളാണ് ഇവിടെ നിന്ന് വിറ്റുപോയിട്ടുള്ളത്


ടോക്കിയോ: ജപ്പാനിലെ പ്രമുഖ ഭക്ഷണ ശൃംഖല തയ്യാറാക്കിയ പരമ്പരാഗത ഈൽ മത്സ്യം കഴിച്ച 90കാരിക്ക് ദാരുണാന്ത്യം. വേനൽ രൂക്ഷമാകുമ്പോൾ ഈൽ മത്സ്യം ഗ്രില്ല് ചെയ്ത് കഴിക്കുന്നത് ജപ്പാൻകാരുടെ തനതായ രീതിയാണ്. ടോക്കിയോയിലെ പ്രമുഖ ഭക്ഷണശാല ശൃംഖലയായ നിഹോംബാഷി ഇസൈസാഡായിൽ നിന്ന് തദ്ദേശീയ വിഭവം വാങ്ങി കഴിച്ച 150 ഓളം പേരാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിഹോംബാഷി ഇസൈസാഡായിൽ നിന്ന് തയ്യാറാക്കിയ ഗ്രിൽഡ് ഈൽ ടോക്കിയോയ്ക്ക് സമീപത്തുള്ള ഡിപ്പാർട്ട്മെന്റ് സ്റ്റോറിലൂടെയായിരുന്നു വിൽപന നടത്തിയിരുന്നത്.  ഗ്രിൽഡ് ഈലിന്റെ 1700 സെറ്റുകളാണ് ഇവിടെ നിന്ന് വിറ്റുപോയിട്ടുള്ളത്.

ഛർദ്ദി, വയറിളക്കം അടക്കമുള്ള രോഗലക്ഷണവുമായി 147ൽ അധികം പേരാണ് കഴിഞ്ഞ ദിവസം ടോക്കിയോയിൽ ചികിത്സ തേടിയെത്തിയത്. ചൂടിന് പ്രതിരോധിക്കാനായി മരുന്നെന്ന രീതിയിലാണ് ഈൽ മത്സ്യങ്ങളെ ഗ്രിൽ ചെയ്ത് കഴിക്കുന്നത്. ഗുരുതര രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ 90കാരിയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം  കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതരുടെ സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 

Latest Videos

undefined

അതേസമയം ഭക്ഷണം വിതരണം ചെയ്ത കേയ്ക്യു ഡിപ്പാർട്ട്മെന്റ് സ്റ്റോർ സംഭവത്തിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. സ്റ്റോറിൽ ഭക്ഷണം പാകം ചെയ്തിരുന്ന ഏതാനും പാചക തൊഴിലാളികൾ ഗ്ലൌസ് ധരിച്ചിരില്ലെന്നും ഇവർ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഡിപ്പാർട്ട്മെന്റിലെ ഭക്ഷണ ഔട്ട്ലെറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധയുടെ കൃത്യമായ കാരണം കണ്ടെത്തിയ ശേഷമാകും തുടർ നടപടികളെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. 

അടുത്തിടയാണ് ടോക്കിയോയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയത്. രാജ്യ തലസ്ഥാനത്ത് പലയിടങ്ങളിലും കൂളിംഗ് ഷെൽട്ടറുകൾ അടക്കമുള്ളവ ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അപകടകരമായ രീതിയിലുള്ള ശാരീരികമായ അഭ്യാസങ്ങളിൽ ഏർപ്പെടുത്തരുതെന്നാണ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 38 ഡിഗ്രിയിലും അധികം ചൂടാണ് ശനിയാഴ്ച ജപ്പാനിൽ പലയിടത്തും അനുഭവപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!