അധികാരമേറ്റ് ഒരു ആഴ്ച പിന്നിടും മുൻപ് മേയറുടെ തലവെട്ടി മാറ്റി, മെക്സിക്കോയിൽ സംരക്ഷണം തേടി 4 മേയർമാർ

By Web TeamFirst Published Oct 9, 2024, 9:22 AM IST
Highlights

അധികാരത്തിലേറി ഒരു ആഴ്ച പിന്നിടും മുൻപ് യുവ മേയറെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ മെക്സിക്കൻ സർക്കാരിനോട് സംരക്ഷണം തേടി നാല് മേയർമാർ. ലഹരികാർട്ടലുകൾ തമ്മിലുള്ള പതിവ് സംഘർഷങ്ങൾ മൂലം രാഷ്ട്രീയ പ്രവർത്തകരും മാധ്യമ പ്രവർത്തകരും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണ് ഇവിടം

ഗുരേരോ: സഹപ്രവർത്തകർ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാരിനോട് സംരംക്ഷണം തേടി മെക്സിക്കോയിലെ നാല് മേയർമാർ. മെക്സിക്കോയിലെ യുവ മേയറെ ചുമതലയേറ്റ്  ഒരു ആഴ്ച പിന്നിടും മുൻപാണ് തലവെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. ബുള്ളറ്റ് പ്രൂഫ് കാറുകളും അംഗരക്ഷകരും എമർജൻസി അലേർട്ട് സംവിധാനങ്ങളുമാണ് പൊതുപ്രവർത്തകർ മെക്സിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഗ്വാനജുവാറ്റോയിലെ അക്രമ സംഭവങ്ങൾ വലിയ രീതിയിൽ വർധിച്ചതിന് പിന്നാലെയാണ് ഇതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂണിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതിനോടകം ആറ് സ്ഥാനാർത്ഥികളാണ് ഇവിടെ കൊല്ലപ്പെട്ടിട്ടുള്ളത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിൽപാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആറ് ദിവസമാണ് അലജാൻഡ്രോ ആർകോസ് മേയർ സ്ഥാനം വഹിച്ചത്. ഗുരേരോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള നഗരമായ ചിൽപാസിംഗോയിലെ യുവനേതാവാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ മേയറെ തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. 

Latest Videos

സർക്കാരിന്റെ പുതിയ സെക്രട്ടറിയായ ഫ്രാൻസിസ്കോ ടാപിയ വെടിയേറ്റ് കൊല്ലപ്പെട്ട് മൂന്ന് ദിവസം കഴിയും മുൻപാണ് അലജാൻഡ്രോ ആർകോസ് കൊല്ലപ്പെടുന്നത്. തല വെട്ടിമാറ്റിയ നിലയിലുള്ള അലജാൻഡ്രോ ആർകോസിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർകോസ്. 

മയക്കുമരുന്ന് നിർമ്മാണവും മയക്കുമരുന്ന് കടത്തലിലെ നേതൃത്വം കയ്യടക്കാനും അക്രമ സംഭവങ്ങൾ ഇവിടെ പതിവ് സംഭവങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം 1890 കൊലപാതകങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. സന്ദർശിക്കുന്നതിൽ പൂർണമായി അവഗണിക്കണമെന്ന് അമേരിക്ക പൌരന്മാരോട് നിർദ്ദേശിച്ചിട്ടുള്ള മെക്സിക്കോയിലെ ഇടങ്ങളിലൊന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!