2 വർഷത്തിനുള്ളിൽ കൊന്നത് 42 സ്ത്രീകളെ, സീരിയൽ കില്ലർ പിടിയിൽ, അറസ്റ്റ് ചെയ്തത് ബാറിൽ യൂറോ മത്സരം കാണുന്നതിനിടെ

By Web Team  |  First Published Jul 16, 2024, 8:50 AM IST

അവസാനമായി വ്യാഴാഴ്ചയും ഒരു സ്ത്രീയെ കൊന്നതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. താമസ സ്ഥലത്തിന് 100 മീറ്റർ അകലെയുള്ള ക്വാറിയിൽ നിന്ന് 9 മൃതദേഹഭാഗങ്ങളാണ് പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്


നെയ്റോബി: കെനിയയിലെ നെയ്റോബിയിൽ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്ന സീരിയൽ കില്ലർ അറസ്റ്റിൽ. 33കാരനായ കോളിൻസ് ജുമൈസിയാണ് അറസ്റ്റിലായത്. ജുമൈസിയുടെ താമസസ്ഥലത്തിന് സമീപത്തെ ക്വാറിയിൽ നിന്ന് 9 മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത കൊടുംകുറ്റവാളിയാണ് കോളിൻസ് ജുമൈസിയെന്ന് പൊലീസ്. 

33കാരന്റെ താമസ സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ 9 മൃതദേഹങ്ങളും സ്ത്രീകളുടേതാണ്. വെട്ടിമുറിച്ച് നശിപ്പിച്ച സ്ഥിതിയിലാണ് ഈ മൃതദേഹങ്ങൾ കണ്ടെത്തിയത്. 2022ന് ശേഷം 42  സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ പൊലീസിനോട് വിശദമാക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനൽ കാണുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാവുന്നത്. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ക്വാറിയിൽ നിന്ന് വെള്ളിയാഴ്ചയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയും ഒരു സ്ത്രീയെ കൊലപ്പെടുത്തിയതായാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 

Latest Videos

പല രീതിയിൽ വശീകരിച്ചുകൊണ്ട് വന്ന് കൊലപ്പെടുത്തി വെട്ടിമുറിച്ച് മൃതദേഹങ്ങൾ ക്വാറിയിൽ തള്ളിയെന്നാണ് ഇയാൾ വളരെ നിസാരമായി പൊലീസിനോട് വിശദമാക്കിയിട്ടുള്ളതെന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ മേധാവി മൊഹമ്മദ് അമീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ 42 സ്ത്രീകളെ 2022 മുതൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ എങ്ങനെ കൊന്നു തള്ളിയെന്നാണ് പരിസരവാസികൾ ചോദിക്കുന്നത്.

ഇയാളുടെ താമസ സ്ഥലത്തിന് വെറും നൂറ് മീറ്റർ അകലെയായിരുന്നു ക്വാറിയുണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് പത്ത് ഫോണുകളും ലാപ്ടോപ്പുകളും നിരവധി തിരിച്ചറിയൽ കാർഡുകളും സ്ത്രീകളുടെ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരകൾ ആക്കപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന വലിയ കത്തിയും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അഴുകി നശിക്കലിന്റെ പല രീതിയിലുള്ളതാണ് കണ്ടെത്തിയ മൃതദേഹഭാഗങ്ങളിൽ പലതും. 9 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് വിശദമാക്കുമ്പോൾ പതിനാറിലധികം മൃതദേഹങ്ങൾ വീണ്ടെടുത്തതായാണ് ക്വാറിക്കുള്ളിൽ തിരച്ചിൽ നടത്തിയ സംഘത്തിലുള്ളയാൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. കൊലപാതക കാരണം കണ്ടെത്താനായി ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരകളിലൊരാളുടെ മൊബൈൽ ഫോൺ വിവരങ്ങളിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!