ടാർപോളിൻ കൊണ്ട് മറച്ച പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന വാഹനങ്ങളിൽ തൊഴിൽ ഇടങ്ങളിൽ എത്തിച്ചിരുന്ന ഇവർക്ക് വളരെ കുറഞ്ഞ വേതനമായിരുന്നു നൽകിയിരുന്നു. ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാർ അറസ്റ്റിലായിട്ടുണ്ട്.
ഫ്ലോറൻസ്: വടക്കൻ ഇറ്റലിയിൽ അടിമകൾക്ക് സമാനമായ രീതിയിൽ കൃഷിപ്പണികളിലേർപ്പെടേണ്ടി വന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചതായി പൊലീസ്. 2 ഇന്ത്യക്കാരാണ് മികച്ച ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇറ്റലിയിലെത്തിച്ചത്. ഇവരെ രണ്ട് പേരും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ആഴ്ചയിലെ 7 ദിവസവും 10 മണിക്കൂറിലേറെയാണ് ഇവർക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നത്. കടം വാങ്ങിയ പണം പോലും തിരികെ നൽകാൻ ഉതകുന്ന വരുമാനമായിരുന്നില്ല ഇവർക്ക് വേതനമായി ലഭിച്ചിരുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 45579718 രൂപയാണ് ഇവരെ ഇവിടെ എത്തിച്ചവരിൽ നിന്ന് പൊലീസ് പിടികൂടിയത്.
ഈ തുകയിലേറെയും അടിമപ്പണി ചെയ്ത ആളുകളിൽ നിന്ന് പല പേരിൽ തട്ടിച്ചെടുത്തതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൃത്യമായ കരാറുകളില്ലാതെ ആളുകളേക്കൊണ്ട് കാർഷിക തൊഴിൽ എടുപ്പിക്കുന്നത് ഇറ്റലി ഏറെക്കാലമായി നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. അടിമപ്പണിയിൽ നിന്ന് പൊലീസ് രക്ഷിച്ചെടുത്ത 33 പേർക്കും താൽക്കാലിക തൊഴിൽ അനുമതി നൽകാനായി ഓരോ ആൾക്കും 1548734 രൂപ വീതമാണ് അടയ്ക്കേണ്ടി വന്നതെന്നാണ് വെറോണ പ്രവിശ്യയിലെ പൊലീസ് ബിബിസിയോട് വിശദമാക്കിയത്. സ്വർണവും സ്ഥലും അടക്കം പണയം വച്ചാണ് ഇറ്റലിയിലെത്താനുള്ള മാർഗം കണ്ടെത്തിയവരാണ് വലിയ രീതിയിൽ ചൂഷണം ചെയ്യപ്പെട്ടത്. ഇവരുടെ പാസ്പോർട്ട് അടക്കമുളള രേഖകൾ പിടിച്ച് വച്ച ശേഷം 10 മുതൽ 12 മണിക്കൂർ വരെയാണ് ഇവരെക്കൊണ്ട് ജോലി ചെയ്യിച്ചത്. മണിക്കൂറിന് വെറും നാല് യൂറോ ഏകദേശം 364 രൂപ മാത്രമായിരുന്നു നൽകിയിരുന്നത്.
താമസിക്കാൻ നൽകിയ സ്ഥലത്ത് നിന്ന് പുറത്ത് പോവുന്നതിന് ഇവരെ വിലക്കിയിരുന്നു. ടാർപോളിൻ കൊണ്ടുമറച്ച വണ്ടികളിലായിരുന്നു ഇവരെ തൊഴിൽ ഇടങ്ങളിലേക്ക് എത്തിച്ചിരുന്നത്. പച്ചക്കറികൾ അടക്കമുള്ള പെട്ടികൾക്ക് കീഴിൽ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു മിക്കപ്പോഴും ഇവരെ തൊഴിലിടങ്ങളിലെത്തിച്ചിരുന്നത്. ശോചനീയമായ അവസ്ഥയിലായിരുന്നു ഇവർ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസ് രക്ഷിച്ചവർക്ക് പാസ്പോർട്ട് തിരികെ നൽകി. ഇവർക്ക് മറ്റ് ജോലിയിടങ്ങളിലേക്ക് മാറാനുള്ള അവസരം സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ലഭ്യമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കഴിഞ്ഞ മാസം ഇന്ത്യക്കാരനായ ഒരാൾ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ഒരു പഴത്തോട്ടത്തിലെ ജോലിക്കാരനായിരുന്നു ഇയാൾ. അപകടത്തിൽ ഇയാളുടെ കൈ അറ്റുപോയിരുന്നു. എന്നാൽ തൊഴിലുടമ ഇയാളുടെ മൃതദേഹം അറ്റുപോയ കൈ സഹിതം റോഡ് സൈഡിൽ ഉപേക്ഷിച്ച് പോയിരുന്നു. ഇത് വലിയ വിവാദമായതിന് പിന്നാലെ തൊഴിലുടമയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം