ഗാസ സിറ്റിയിലെ തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.
ഗാസ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ മൂന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഗാസ സിറ്റിയിലെ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്.
ഗാസയില്‍ ഹമാസിന്‍റെ മീഡിയ ഓഫീസ് മേധാവി സലാമേഹ് മറൂഫാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അറിയിച്ചത്. സെയ്ദ് അൽ-തവീൽ, മുഹമ്മദ് സോബോ, ഹിഷാം നവാജ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ ഇന്നലെ രാത്രി മുഴുവൻ ഗാസയിൽ വ്യോമാക്രമണം നടത്തി. ഇതുവരെ ഹമാസിന്‍റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ഗാസയിൽ 700 ലേറെ പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ഗാസയിൽ നിന്നും അഭയാർത്ഥികളായി നിരവധിപ്പേർ പാലായനം ചെയ്യുകയാണ്.
അതേസമയം ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളിലെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. 30 പേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.
ആയുധധാരികളായ ഹമാസ് സംഘം ഇപ്പോഴും ജനവാസ മേഖലകളിലുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചു. വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി.
ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും സൈന്യത്തെ അയക്കാൻ പദ്ധതിയില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. 11 അമേരിക്കൻ പൗരന്മാർ ഹമാസ് ആക്രണത്തിൽ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന റിപ്പോർട്ടുകൾ ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പ്രസിഡന്റ് അറിയിച്ചു. പ്രശ്നത്തിൽ ഇടപെടരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകി.