2022ൽ 94 ദിവസം നെറ്റിപ്പൊൺ സനേസാങ്ക്തോം ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. ഈ സമയത്തും നിരാഹാര സമരം നടത്തിയ 28കാരിക്ക് ജാമ്യം നൽകിയിരുന്നു
ബാങ്കോക്ക്: രാജവാഴ്ചയെ വിമർശിച്ചതിന് ജയിലിലായ യുവ അവകാശ പ്രവർത്തക ജയിലിൽ മരിച്ചതിന് പിന്നാലെ തായ്ലാൻഡിൽ പ്രതിഷേധം. രാജവാഴ്ചയെ വിമർശിച്ചതിന് ജയിലിൽ അടയ്ക്കപ്പെട്ടതിന് പിന്നാലെ നിരാഹാര സമരം നയിച്ച 28കാരിയായ നെറ്റിപ്പൊൺ സനേസാങ്ക്തോമാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. 65 ദിവസം നീണ്ട നിരാഹാര സമരത്തിന് പിന്നാലെയാണ് 28കാരി ജയിലിൽ വച്ച് മരിച്ചത്.
പെട്ടന്നുണ്ടായ ഹൃദയസ്തംഭനമാണ് 28കാരിയുടെ മരണത്തിന് കാരണമായതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ 28കാരിയുടെ മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ നിയമ വ്യവസ്ഥയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് പ്രതിഷേധിക്കുന്നത്. ആരോഗ്യനില മോശമായ 28കാരിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ജയിൽ അധികൃതർ വിശദമാക്കിയത്. മരണ കാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം നടത്തിയതായും അധികൃതർ വിശദമാക്കിയിരുന്നു.
undefined
താലു വാംഗ് എന്ന സംഘടനയിലെ സജീവ പ്രവർത്തകയായിരുന്നു 28കാരിയായ നെറ്റിപ്പൊൺ സനേസാങ്ക്തോം. രാജാവിനെയും രാജ്ഞിയേയും അവകാശിയേയും വിമർശിക്കുന്നവർക്ക് രൂക്ഷമായ ശിക്ഷ നേരിടുന്ന നിയമ സംവിധാനത്തിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന സംഘടനകളിലൊന്നാണ് താലു വാംഗ്. രാജ വാഴ്ചയെ വിമർശിക്കുന്നവർക്ക് 15 വർഷത്തെ തടവ് ശിക്ഷയാണ് തായ്ലാൻഡിൽ നൽകുന്നത്. 28കാരിയുടെ മരണത്തിന് രാജവാഴ്ചയാണ് കാരണക്കാരെന്ന് ആരോപിച്ചാണ് തായ്ലാൻഡിൽ പ്രതിഷേധം ശക്തമാവുന്നത്.
2020ൽ രാജ്യവ്യാപകമായി യുവജനങ്ങൾ ഭാഗമായ പ്രതിഷേധത്തിൽ സജീവമായിരുന്നു നെറ്റിപ്പൊൺ സനേസാങ്ക്തോം. രാജവാഴ്ചയെ പരസ്യമായി വിമർശിച്ചുകൊണ്ടുള്ള ആദ്യ പ്രതിഷേധമായിരുന്നു 2020 ൽ രാജ്യവ്യാപകമായി നടന്നത്. ജനുവരി 26നാണ് നെറ്റിപ്പൊൺ സനേസാങ്ക്തോമിനെ ജയിലിൽ അടച്ചത്. വിചാരണ നേരിടുന്നതിനായിരുന്നു ഇത്. 7 കുറ്റകൃത്യങ്ങളായിരുന്നു 28കാരിക്കെ ആരോപിച്ചിരുന്നത്. 2022ൽ 94 ദിവസം നെറ്റിപ്പൊൺ സനേസാങ്ക്തോം ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. ഈ സമയത്തും നിരാഹാര സമരം നടത്തിയ 28കാരിക്ക് ജാമ്യം നൽകിയിരുന്നു.
അടുത്തിടെയാണ് ഈ ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് യുവതി വീണ്ടും ജയിലിലായത്. ചൊവ്വാഴ്ച 28കാരിയുടെ മരണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരികളുമായി ആയിരങ്ങളാണ് ബാങ്കോക്കിൽ സംഘടിച്ചെത്തിയത്. യുവതിയുടെ മരണത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർ മറുപടി നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം