എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ട് 24 വർഷം, ഇതുവരെ വാക്സിനായില്ല, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് വിദ​ഗ്ധർ

By Web Desk  |  First Published Jan 3, 2025, 4:06 PM IST

ചൈന സിഡിസി വെബ്‌സൈറ്റിൽ വൈറസിനുള്ള വാക്‌സിനേഷനൊന്നും പരാമർശിച്ചിട്ടില്ല. രോഗബാധിതനായ വ്യക്തി ചിട്ടയായ ജീവിതശൈലി നിലനിർത്തണമെന്നും നല്ല മാനസികാവസ്ഥയിൽ തുടരണമെന്നും മെഡിക്കൽ പോർട്ടൽ സൂചിപ്പിച്ചു.


ദില്ലി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്‌ന്യൂമോവൈറസ് ജനുസ്സിലും ഉൾപ്പെടുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) ആർഎൻഎ വൈറസാണ്.  2001-ൽ, അജ്ഞാതമായ രോഗാണുക്കൾ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയുള്ള കുട്ടികളുടെ നാസോഫറിംഗൽ ആസ്പിറേറ്റ് സാമ്പിളുകളിൽ ഡച്ച് വിദ​ഗ്ധരാണ് ആ​ദ്യമായി വൈറസ് കണ്ടെത്തിയത്.

കുറഞ്ഞത് 60 വർഷമായി നിലനിൽക്കുന്നതും സാധാരണ ശ്വാസകോശ രോഗകാരിയായി ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടതുമാണ്. അക്കാദമിക് മെഡിക്കൽ സെൻ്റർ ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ അഭിപ്രായത്തിൽ, മെറ്റാപ്‌ന്യൂമോവൈറസിനെ ചികിത്സിക്കുന്ന ആൻറിവൈറൽ മരുന്നുകളൊന്നും നിലവിൽ ഇല്ല.

Latest Videos

ചൈന സിഡിസി വെബ്‌സൈറ്റിൽ വൈറസിനുള്ള വാക്‌സിനേഷനൊന്നും പരാമർശിച്ചിട്ടില്ല. രോഗബാധിതനായ വ്യക്തി ചിട്ടയായ ജീവിതശൈലി നിലനിർത്തണമെന്നും നല്ല മാനസികാവസ്ഥയിൽ തുടരണമെന്നും മെഡിക്കൽ പോർട്ടൽ സൂചിപ്പിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകൽ, വായുസഞ്ചാരം, ശാസ്ത്രീയ അണുനശീകരണം എന്നിവ എച്ച്എംപിവി അണുബാധയെ ചെറുക്കാൻ സഹായിക്കുമെന്നും പറയുന്നു. 

എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? (Human metapneumovirus)

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്.  ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.

click me!