കയ്യിൽ കരുതിയ വെള്ളം തീർന്നു, കൊടുംചൂടിൽ ട്രെക്കിംഗിന് പോയ അച്ഛനും മകളും മരിച്ചു

By Web Team  |  First Published Jul 16, 2024, 2:00 PM IST

സാധാരണ ഗതിയിൽ അഞ്ച് മുതൽ 7 മണിക്കൂറിനുള്ളിൽ പൂർത്തിയാവുന്ന ട്രെക്കിംഗ് കഴിഞ്ഞ് ഇവർ മടങ്ങി എത്താതെ വന്നതോടെയാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാന അധികൃതർ ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്


ഉട്ടാ: ട്രെക്കിംഗിന് പോയ അച്ഛനും മകളും മരിച്ച നിലയിൽ കണ്ടെത്തി. കൊടും ചൂടിൽ കയ്യിൽ കരുതിയിരുന്ന വെള്ളം തീർന്നതാണ് ഇരുവരുടേയും ദാരുണമരണത്തിന് കാരണമായത്. അമേരിക്കയിലെ ഉട്ടായിലെ നാഷണൽ പാർക്കിലാണ് സംഭവം. 23കാരിയായ യുവതിയും 52 കാരനായ അച്ഛനുമാണ് മരിച്ചത്. കാന്യൺലാൻഡ്സ് ദേശീയോദ്യാനം കാണാനെത്തിയതായിരുന്നു ഗ്രീൻ ബേ സ്വദേശികളായ ഇവർ. 

കാന്യൺലാൻഡ്സ് ദേശീയോദ്യാനത്തിലൂടെ നടക്കുന്നതിനിടെ വഴി തെറ്റിപ്പോയ ഇവരെ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണ ഗതിയിൽ അഞ്ച് മുതൽ 7 മണിക്കൂറിനുള്ളിൽ പൂർത്തിയാവുന്ന ട്രെക്കിംഗ് കഴിഞ്ഞ് ഇവർ മടങ്ങി എത്താതെ വന്നതോടെയാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാന അധികൃതർ ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഗർത്തത്തിൽ രാത്രിയായതോടെ തെരച്ചിലും ദുഷ്കരമായിരുന്നു. 

Latest Videos

വെള്ളിയാഴ്ച കാന്യൺലാൻഡ്സ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന മേഖലയിൽ അന്തരീക്ഷ താപനില 100 ഡിഗ്രിയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇവർ ട്രെക്കിംഗിനായി എത്തിയത്. ഉച്ചകഴിഞ്ഞതോടെ തെരച്ചിൽ ആരംഭിച്ച പൊലീസ് ഇവരെ കണ്ടെത്തിയപ്പോഴേയ്ക്കും ഏറെ വൈകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതായാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാന അധികൃതർ വിശദമാക്കുന്നത്. താപനില ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടം സന്ദർശിക്കുന്നവർ പതിവിൽ കൂടുതൽ വെള്ളം കയ്യിൽ കരുതണമെന്നാണ് കാന്യൺലാൻഡ്സ് ദേശീയോദ്യാന അധികൃതർ ആവശ്യപ്പെടുന്നത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!