ഭാര്യയോട് വഴക്കിട്ട് പിഞ്ചുകുഞ്ഞുമായി കാറിൽ ചീറിപ്പാഞ്ഞു, പൊലീസ് എത്തിയതോടെ മകളെ കൊന്ന് 23കാരൻ ജീവനൊടുക്കി

By Web Team  |  First Published Nov 15, 2024, 2:15 PM IST

വഴക്കിട്ട് പിഞ്ചുകുഞ്ഞുമായി പോയ യുവാവിനെ ഭാര്യയുടെ പരാതിയിൽ പൊലീസ് പിന്തുടർന്നു. മകളെ കൊലപ്പെടുത്തി ജീവനൊടുക്കി 23കാരൻ


ലൂസിയാന: ഭാര്യയോട് വഴക്കടിച്ച് ഒരു വയസ് മാത്രമുള്ള മകളുമായി കാറിൽ പാഞ്ഞ് പോയ ഭർത്താവിനേക്കുറിച്ച് ഭാര്യ പൊലീസിന് വിവരം നൽകി. പൊലീസ് പിന്തുടരുന്നതായി വ്യക്തമായതിന് പിന്നാലെ സെമിത്തേരിയിലേക്ക് കാർ ഇടിച്ച് കയറ്റി മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി 23കാരൻ. അമേരിക്കയിലെ ലൂസിയാനയിലെ കോൺവെന്റിലാണ് സംഭവം. 

ബുധനാഴ്ചയാണ് കോൺവെന്റിലെ സെന്റ് ജെയിംസ് പാരീഷ് ദേവാലയത്തിന്റെ സെമിത്തേരിയിൽ 1 വയസുകാരി കൊല്ലപ്പെട്ടത്. സ്വയം വെടിയുതിർത്ത യുവാവിനെ പിന്തുടർന്നെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ പുരോഗമിക്കുന്നതിനിടെ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് പൌലിനയിലെ ഒരു വീട്ടിൽ നിന്ന് ഒരു വയസുകാരിയുടെ അമ്മ പൊലീസുമായി ബന്ധപ്പെടുന്നത്. ഭർത്താവ് വഴക്കിട്ട് പുറത്ത് പോയിട്ട് ഏറെ നേരമായെന്നും വിവരം അറിയാൻ കഴിയുന്നില്ലെന്നും വിവരം തിരക്കാമോയെന്നുമായിരുന്നു യുവതിയുടെ ആവശ്യം. 

Latest Videos

undefined

പരിചിതമല്ലാത്ത മേഖലയിലൂടെയാണ് യുവാവ് പോയിരിക്കുന്നതെന്ന വിവരം കൂടി യുവതി വിശദമാക്കിയതോടെ പൊലീസ് യുവാവിന്റെ ഫോൺ ട്രാക്ക് ചെയ്യുകയായിരുന്നു. നേരത്തെ മകളെ അപായപ്പെടുത്തുമെന്നും ജീവനൊടുക്കുമെന്നുമുള്ള യുവാവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു യുവതി പൊലീസുമായി ബന്ധപ്പെട്ടത്. ഒരു മണിക്കൂറിന് ശേഷമാണ് യുവാവിന്റെ ഫോൺ പൊലീസിന് കണ്ടെത്താനായത്.

പൊലീസ് പട്രോൾ സംഘം യുവാവിന്റെ കാറിന് സമീപത്തേക്ക് എത്തുന്നത് കണ്ട യുവാവ് അമിത വേഗത്തിൽ പരിസരത്തുണ്ടായിരുന്ന സെമിത്തേരിയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെത്തിയപ്പോഴേയ്ക്കും യുവാവ് സ്വയം വെടിവയ്ക്കുകയായിരുന്നു. 23കാരന്റെ മകളുടെ ശരീരത്തിലും വെടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടേയും പേര് വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!