പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള ഗതാഗതം ഏറെക്കുറെ അസാധ്യമാവുന്നതിനാലാണ് നൈജീരിയയിൽ ആളുകൾ ഗതാഗതത്തിന് ബോട്ടുകളെ കൂടുതലായി ആശ്രയിക്കുന്നത്
അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് തകർന്ന് 27ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേരെ കാണാതായി. നൈജീരിയയിലെ കോഗിയിൽ നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോയ ബോട്ടാണ് നൈജർ നദിയിൽ മുങ്ങിയത്. ഇരുനൂറിലേറെ യാത്രക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ 27 മൃതദേഹങ്ങൾ നൈജർ നദിയിൽ നിന്ന് മുങ്ങിയെടുക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു.
പ്രാദേശിക സ്കൂബാ വിദഗ്ധരും സേനാംഗങ്ങളും ചേർന്ന് സംയുക്തമായാണ് മേഖലയിൽ രക്ഷാ പ്രവർത്തനം നടത്തുന്നതെന്നാണ് കോഗിയിലെ രക്ഷാസേനാ വക്താവ് അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം നദിയിൽ നിന്ന് ആരെയും ജീവനോടെ രക്ഷിക്കാനായിട്ടില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. യാത്രക്കാരിൽ ഏറിയ പങ്കും സ്ത്രീകളായിരുന്നുവെന്നാണ് പുറത്ത് വരുന്നത്. ഭക്ഷ്യമാർക്കറ്റിലേക്ക് പോവുകയായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബോട്ടിൽ പരിധിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
undefined
നൈജീരിയയുടെ പ്രാന്ത പ്രദേശങ്ങളിൽ ആളുകളെ കുത്തി നിറച്ചെത്തുന്ന ബോട്ടുകൾ അപകടത്തിൽപ്പെടുന്ന സംഭവം അസാധാരണം അല്ല. റോഡ് ഗതാഗതം ഏറെക്കുറെ അസാധ്യമാവുന്നതാണ് ബോട്ട് ഗതാഗതത്തെ ആശ്രയിക്കാൻ നൈജീരിയൻ സ്വദേശികളെ പ്രേരിപ്പിക്കുന്നത്. വെള്ളിയാഴ്ച അപകടമുണ്ടായതിന് പിന്നാലെ ബോട്ട് കണ്ടെത്താൻ വൈകിയതും അപകടത്തിന്റെ തോത് വർധിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത ബോട്ടാണ് സർവ്വീസിന് ഉപയോഗിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം