ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന് ഇറാനിലെ മോറൽ പൊലീസ് പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു.
ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിൽ 16കാരി പൊലീസുകാരുടെ ക്രൂര മർദ്ദനത്തിനിരയായെന്ന് ആരോപണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോമയിലാണ്. ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന് ഇറാനിലെ മോറൽ പൊലീസ് പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് ഇറാനിലെ മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ടെഹ്‌റാൻ സബ്‌വേയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് 22കാരി മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനിൽ ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. 16കാരിയുടെ ദൃശ്യങ്ങളും പ്രചരിച്ചു.
അബോധാവസ്ഥയിലായ പെൺകുട്ടിയെ മറ്റ് പെൺകുട്ടികൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതയായെന്നും വീണപ്പോൾ ട്രെയിനിന്റെ വശത്ത് ഇടിക്കുകയായിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം. അതേസമയം, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള ശിരോവസ്ത്രം ധരിച്ചിരുന്നതായി വീഡിയോയിൽ കാണുന്നില്ല. സംഭവം അപകടമാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു.
Read More.... ഫുട്ബോൾ കോർട്ടിലെ തർക്കം നീണ്ടു, കാറിൽ നിന്ന് അമ്മയുടെ തോക്കെടുത്ത് വെടിയുതിർത്ത് 11കാരന്‍, പരിക്ക്, അറസ്റ്റ്
കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടാനായി പ്രാർഥിക്കണമെന്നും സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ഫാർസിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. നേരത്തെയും സമാന സംഭവങ്ങളിൽ അധികാരികൾ കുടുംബാംഗങ്ങളുടെ നിർബന്ധിത അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ മഹ്‌സ അമിനി മരിക്കുമ്പോൾ, അവൾക്ക് ന്യൂറോളജിക്കൽ ഡിസോർഡർ ഉണ്ടായിരുന്നുവെന്ന് കുടുംബത്തെക്കൊണ്ട് പറയിച്ചതായി ആരോപണമുയർന്നിരുന്നു. ടെഹ്‌റാനിലെ ഫജർ ആശുപത്രിയിൽ കനത്ത സുരക്ഷയിലാണ് 16 കാരിയായ അർമിത ഗരാവന്ദ് ചികിത്സയിൽ കഴിയുന്നത്.