മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, 'പരേതനെ' കണ്ടെത്തി 

By Web Team  |  First Published Sep 15, 2023, 8:04 PM IST

കാണാതായ യുവാവിന്‍റേതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ സംസ്കരിക്കാനൊരുങ്ങിയത്


മുസഫര്‍നഗര്‍: കാണാതായ യുവാവിന്‍റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് യുവാവിനെ ജീവനോടെ കണ്ടെത്തി പോലീസ്. കാണാതായ യുവാവിന്‍റേതാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ സംസ്കരിക്കാനൊരുങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അഴുക്കുചാലില്‍നിന്ന് തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍നിന്ന് കാണാതായ യുവാവിന്‍റേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബാംഗങ്ങള്‍ കൈപറ്റുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.  

മുസഫര്‍നഗറിലെ മന്‍സുര്‍പുര്‍ സ്വദേശിയായ മോന്‍ടി കുമാര്‍ എന്ന യുവാവ് മകളെ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആഗസ്റ്റ് 31നാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മന്‍സുര്‍പുര്‍ പോലീസില്‍ പരാതി നല്‍കുന്നത്. 18വയസുള്ള ഇരുവരും ഒളിച്ചോടിയതാകുമെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇതിനിടയിലാണ് സെപ്റ്റംബര്‍ ഒമ്പതിന് ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ദൗരാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കാര്‍ഷിക സര്‍വകലാശാലക്ക് പിന്നിലായുള്ള അഴുക്കുചാലില്‍ തലയും കൈയും അറുത്തുമാറ്റപ്പെട്ട നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. 

Latest Videos

undefined

20 വയസ് തോന്നിക്കുന്ന യുവാവിന്‍റേതാണ് മൃതദേഹമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. വിവരം മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. തുടര്‍ന്ന് പോലീസ് വിവരം മന്‍സൂര്‍പുര്‍ ടൗണിലെ കാണാതായ 18വയസുകാരന്‍റെ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മീററ്റ് പോലീസിനെ വിവരം അറിയിച്ച് മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മോന്‍ടി കുമാര്‍ കഴുത്തിലും കൈയിലും ടാറ്റു പതിച്ചിരുന്നു. ടാറ്റു നോക്കി മൃതദേഹം തിരിച്ചറിയാതിരിക്കാനായിരിക്കാം കൊലപാതകികള്‍ കൈയും തലയും അറുത്തുമാറ്റിയതെന്ന നിഗമനത്തില്‍ മൃതദേഹം മോന്‍ടിയുടേതാണെന്ന് കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

മീററ്റില്‍നിന്ന് മുസഫര്‍നഗറിലേക്ക്  മൃതദേഹവുമായി തിരിച്ചുപോയ കുടുംബാംഗങ്ങള്‍ മന്‍സുര്‍പുര്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് മോന്‍ടിയെ കൊലപ്പെടുത്തിയതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനുശേഷം മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ക്കിടെയാണ് മോന്‍ടിയെ പെണ്‍കുട്ടിക്കൊപ്പം ചണ്ഡിഗഡില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിക്കുന്നത്.  മോന്‍ടിയെ ജീവനോടെ കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹം ആരുടേതാണെന്ന ദുരൂഹത തുടരുകയാണ്. 


 

click me!