ഗോവയിൽ പത്താം ക്ലാസ് പാഠപുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് പകരം ആർഎസ്എസ് നേതാവായിരുന്ന വി ഡി സർവക്കറുടെ ചിത്രം ഉൾപ്പെടുത്തിയതായി ആരോപണം.
പനാജി: ഗോവയിൽ പത്താം ക്ലാസ് പാഠപുസ്തകത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് പകരം ആർഎസ്എസ് നേതാവായിരുന്ന വി ഡി സർവക്കറുടെ ചിത്രം ഉൾപ്പെടുത്തിയതായി ആരോപണം. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍ എസ് യു ഐ ( നാഷണൽ സ്റ്റുഡന്‍റ് യൂണിയൻ ഓഫ് ഇന്ത്യ ) ആണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. പണ്ഡിറ്റ് നെഹ്റുവിന്‍റെ ചിത്രം പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തത് മോശം കാര്യമാണെന്ന് എന്‍ എസ് യു ഐ ഗോവന്‍ നേതാവ് അഹ്റാസ് മുല്ല പറഞ്ഞു.
പത്താം ക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിൽ 68 -ാം പേജില്‍ നെഹ്റുവും മൗലാനാ അബ്ദുല്‍ കലാം ആസാദും മഹാത്മാഗാന്ധിയും മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ പേജില്‍ നെഹ്റുവിന്‍റെ ചിത്രം മാറ്റി പകരം വിനായക് ദാമോദർ സവര്‍ക്കറുടെ ചിത്രം ഉൾപ്പെടുത്തുകയായിരുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് മറച്ചുവയ്ക്കാനും ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്താനുമുള്ള ബിജെപിയുടെ ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ നീക്കമെന്നും അഹ്‌റാസ് പറഞ്ഞു. നാളെ അവര്‍ മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത ശേഷം കഴിഞ്ഞ അറുപത് വര്‍ഷം കോണ്‍ഗ്രസ് എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ചോദിക്കുമെന്നും അഹ്റസ് കൂട്ടി ചേർത്തു. നിരവധി കോണ്‍ഗ്രസ് നേതാക്കളുടെയും പൂര്‍വികരുടെയും ശ്രമഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം ഇക്കൂട്ടര്‍ തിരുത്തില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.