'മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന് ഭയം'; ഡോക്യുമെന്ററിയെ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി

By Web Team  |  First Published Jan 24, 2023, 2:57 PM IST

അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്‍ററിയെ എതിർക്കാന്‍ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി.


ദില്ലി: പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി. അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്‍ററിയെ എതിർക്കാന്‍ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. ആരും വെളിപ്പെടുത്താത്ത കാര്യങ്ങളല്ല ഡോക്യുമെന്ററിയിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ അപ്രഖ്യാപിത വിലക്കിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ നേതൃത്വം നൽകുന്ന സര്‍വകലാശാലകളില്‍ പ്രദര്‍ശനം നടക്കുകയാണ്. സര്‍വകലാശാല വിലക്ക് മറികടന്ന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെ തീരുമാനം. വിവാദങ്ങള്‍ക്കിടെ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും.

Latest Videos

undefined

Also Read: ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല, പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പൊലീസില്‍ പരാതി നല്‍കി. എന്നാൽ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെന്‍ററി പ്രദർശിപ്പിക്കരുതെന്ന് പറയാൻ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍റെ ചോദ്യം.

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. തടയാനില്ലെന്നും നിയമപരമായി നേരിടുമെന്നും എബിവിപിയും പ്രതികരിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പോലെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെനന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ നിലപാട്.

Also Read: ബിബിസി ഡോക്യുമെന്ററി : വിലക്കവഗണിച്ച് കേരളത്തിലും പ്രദർശനം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബിജെപി

യുകെ സമയം രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.

click me!