സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കാനിരിക്കെ ഹര്‍ജിയിലെ വാദത്തിന് എതിര്‍പ്പുമായി ന്യൂനപക്ഷ സംഘടനകൾ
ദില്ലി: സ്വവർഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന ബെഞ്ച് പരിഗണിക്കാനിരിക്കെ ഹര്‍ജിയിലെ വാദത്തിന് എതിര്‍പ്പുമായി ന്യൂനപക്ഷ സംഘടനകൾ. ഇത് സംബന്ധിച്ച് രാഷ്ട്രപതി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വരെ വിവിധ സംഘടനകൾ കത്തയച്ചു. ചിഷ്തി മൻസിൽ സൂഫി ഖാൻഖ, ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ, അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ്, ദി കമ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ തുടങ്ങിയ സംഘടനകളാണ് കത്തയച്ചിരിക്കുന്നത്.
വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും പൗരാണിക സംസ്‌കാരത്തിന്റെയും രാജ്യമാണ് ഇന്ത്യ. ഇതിൽ സ്ത്രീയെയും പുരുഷനെയുമാണ് കുടുംബഘടനയുടെ ഭാഗമായി കാണുന്നത്. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നത് വിവാഹമെന്ന് സംവിധാനത്തിന് തന്നെ പ്രഹരമേൽപ്പിക്കും. വിവാഹം എന്നാൽ ലൈംഗികസുഖം നേടാൻ മാത്രമുള്ളതല്ല, ഭാവിയിലെ സാമൂഹിക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ത്യൻ പൊതുസമൂഹത്തിന്റെയും മതങ്ങളുടെയും സംസ്‌കാരത്തിനും വികാരത്തിനും വിരുദ്ധമാണ് സ്വവർഗരതിയെന്നും അതുകൊണ്ടുതന്നെ ഹര്‍ജി തള്ളണമെന്നും അഖിലേന്ത്യ പാസ്മണ്ട മുസ്ലീം മഹാജ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ പറയുന്നു.
undefined
സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജി കേട്ട് നമ്മളെല്ലാം ഞെട്ടിപ്പോയെന്നാണ് കമ്യൂണിയൻ ഓഫ് ചർച്ചസ് ഓഫ് ഇന്ത്യ രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നത്. ക്രിസ്ത്യൻ വിശ്വാസമനുസരിച്ച്, ഓരോ വ്യക്തിയും ജനിക്കുന്നു, അവർക്കെല്ലാം മാതാപിതാക്കളുണ്ട്. അങ്ങനെയാകുമ്പോൾ തന്നെ സ്വവർഗ വിവാഹം അംഗീകരിക്കുന്നത് ഉചിതമല്ല. ഞങ്ങൾ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ല, ഒരിക്കലും അത്തരം തീരുമാനങ്ങളെ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തിൽ പറയുന്നു.
ചിശ്തി മൻസിൽ സൂഫി ഖാൻഖയിലെ ഹാജി സൽമാൻ ചിശ്തി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ ചിലർക്ക് സന്തോഷമുണ്ടാകുമെങ്കിലും ഭൂരിഭാഗം ഇന്ത്യൻ ജനങ്ങളും ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും പൊതുതാൽപര്യം കണക്കിലെടുത്ത് ഈ ഹർജി തള്ളണമെന്നും വ്യക്തമാക്കുന്നു. ഇസ്‌ലാം വിവാഹത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ അത് പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്നും സ്വവർഗ വിവാഹം ഏത് സാഹചര്യത്തിലും സമൂഹത്തെ തകർക്കുന്നതാണ്, അതിനാൽ ഒരു സാഹചര്യത്തിലും അത് അംഗീകരിക്കാൻ പാടില്ലെന്നും ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ പ്രസ്താവനയുമായി മുൻ ജഡ്ജിമാർ രംഗത്തെത്തി. ഇന്ത്യൻ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും താല്പര്യം ഇതിനെതിരെന്ന് മുൻ ജഡ്ജിമാരുടെ പ്രസ്താവനയിൽ പറയുന്നു. സംസ്ക്കാരവും സമൂഹത്തിന്റെ താല്പര്യവും കണക്കിലെടുത്ത് സുപ്രീം കോടതിയോട് ഇത് സംബന്ധിച്ച നിയമ നിർമ്മാണത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നും ഇക്കാര്യത്തിൽ നിയമ നിർമ്മാണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുന്നവർ ആ ആവശ്യത്തിൽ നിന്ന് പിൻമാറണമെന്നും മുൻ ജഡ്ജിമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എസ്എൻ ധിംഗ്രയുടെ നേതൃത്വത്തിലാണ് വിരമിച്ച ജഡ്ജിമാർ പ്രസ്താവന പുറപ്പെടുവിച്ചത്