കനത്ത മഴയില്‍ ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം ഇടിച്ചിറങ്ങി; എട്ട് പേര്‍ക്ക് പരിക്ക്

By Web Team  |  First Published Sep 15, 2023, 12:27 PM IST

ലാന്‍ഡിങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തിയോടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങുന്നതും ശേഷം റണ്‍വേയിലൂടെ ഉരഞ്ഞ് അല്‍പദൂരം നീങ്ങുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. 
 


മുംബൈ: ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി. വ്യാഴാഴ്ച വൈകുന്നേരം മുംബൈ വിമാനത്താവളത്തിലായിരുന്നു സംഭവം. കനത്ത മഴയുണ്ടായിരുന്നപ്പോള്‍ ലാന്റ് ചെയ്യാന്‍ ശ്രമിച്ച സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.

യാത്രക്കാര്‍ക്ക് പുറമെ പൈലറ്റും കോ പൈലറ്റും ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്‍റ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. മുബൈ വിമാനത്താവളത്തിലെ റണ്‍വേ 27ലായിരുന്നു അപകടം. മഴ കാരണം റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നു. ദൂരക്കാഴ്ച 700 മീറ്ററോളമായിരുന്ന സമയത്താണ് അപകടത്തില്‍പെട്ട വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തിയോടെ വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങുന്നതും ശേഷം റണ്‍വേയിലൂടെ ഉരഞ്ഞ് അല്‍പദൂരം നീങ്ങുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. 

Latest Videos

undefined

Read also:  ഐക്യദാർഢ്യം; യുഎസ് പൊലീസ് കാറിടിച്ച് കൊല്ലപ്പെട്ട ജാഹ്നവിക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നൽകുമെന്ന് സർവകലാശാല

തകര്‍ന്നതിന് പിന്നാലെ വിമാനത്തിന് തീപിടിച്ചെങ്കിലും അഗ്നിശമന സേന ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി. ബംഗളുരു ആസ്ഥാനമായ വിഎസ്ആര്‍ വെഞ്ച്വേസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ലേസര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍ പെട്ടത്.  അപകടത്തെ തുടര്‍ന്ന് റണ്‍വേ കുറച്ച് നേരത്തേക്ക് അടച്ചിട്ടു. ഈ സമയത്തുണ്ടായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. വരാണസിയില്‍ നിന്നുള്ള യുകെ 622, ബാങ്കോക്കില്‍ നിന്നുള്ള യുകെ 124, ഡല്‍ഹിയില്‍ നിന്നുള്ള യുകെ 933, കൊച്ചിയില്‍ നിന്നുള്ള യുകെ 518, ഡെറാഡൂണില്‍ നിന്നുള്ള യുകെ 865 എന്നീ സര്‍വീസുകളാണ് ഹൈദരാബാദ്, ഗോവ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. 

വിമാന അവശിഷ്ടങ്ങള്‍ റണ്‍വേയില്‍ നിന്ന് നീക്കം ചെയ്ത ശേഷം സുരക്ഷാ പരിശോധനകള്‍ക്കും  സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ക്ലിയറന്‍സിനും ശേഷം സര്‍വീസുകള്‍ പുനഃരാരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!