അരവിന്ദ് കെജ്രിവാളിന് പകരമാര്? നേതൃപ്രതിസന്ധിയിൽ ആം ആദ്മി പാർട്ടി

By Web Team  |  First Published Mar 22, 2024, 7:29 AM IST

കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചർച്ച.


ദില്ലി: മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം കെജരിവാളിന് പകരം ആര് എന്നതിൽ ആം ആദ്മി പാർട്ടിയിൽ അവ്യക്തതയുണ്ട്. കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചർച്ച. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാരായ അതിഷി മെർലെന, സൗരവ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്.

രാജ്യ തലസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍ തുടരുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം ബിജെപി കടുപ്പിക്കുകയാണ്. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരണം നിയന്ത്രിക്കും എന്നാണ് ആം ആദ്മി എടുത്തിരിക്കുന്ന രാഷ്ടീയ തീരുമാനം. പക്ഷേ ഇതിന് നിയമപരമായ കടമ്പകള്‍ ഏറെയാണ്. 

Latest Videos

undefined

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ദേശ വ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കാനും ദില്ലി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിർണായക സഖ്യങ്ങൾക്ക് രൂപം നൽകാനും പദ്ധതിയിട്ടിരുന്ന ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കെജ്‍രിവാളിന്റെ അറസ്റ്റ്  വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പാർട്ടിയുടെ സ്റ്റാർ പ്രചാരകനായ കെജ്രിവാൾ അറസ്റ്റിലായതിന് പുറമെ പ്രമുഖ നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, സഞ്ജയ് സിങ് എന്നിവരുടെ അസാന്നിദ്ധ്യവും പാർട്ടിയെ അലട്ടുന്നുണ്ട്.ർ

ആം ആദ്മി പാ‍ർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമായും കെജ്‍രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു. കോൺഗ്രസുമായി സഖ്യത്തിലല്ലാതെ 13 സീറ്റുകളിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്ന പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലാണ് പ്രചരണമെങ്കിലും കെജ്‍രിവാൾ അവിടെയും സ്ഥിരസാന്നിദ്ധ്യമായിരുന്നു. പ്രചരണത്തിൽ പാർട്ടിയുടെ മുഖം കെജ്‍രിവാളായിരിക്കുമെന്ന് നേരത്തെ തന്നെ ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. അതേസമയം കെജ്‍രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയമായി തിരിച്ചടിക്കുമോ എന്ന ഭയം ചില ബിജെപി നേതാക്കൾക്കുമുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!