തീപിടിത്തത്തിനുള്ള സാധ്യത നിരീക്ഷിക്കാൻ എഐ ഫയർ ഡിറ്റക്ഷൻ ക്യാമറകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
ലഖ്നൌ: മഹാകുംഭ മേള അപകടരഹിതമായി നടത്താനാവശ്യമായ ഒരുക്കങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. തീപിടിത്തവുമായി ബന്ധപ്പെട്ട സംഭവങ്ങൾ തടയുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അഗ്നിശമന സേനാംഗങ്ങളുടെയും പ്രത്യേക അഗ്നിശമന വാഹനങ്ങളുടെയും എണ്ണം സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ തീപിടിത്തത്തിനുള്ള സാധ്യത നിരീക്ഷിക്കാൻ എഐ ഫയർ ഡിറ്റക്ഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളും വിന്യസിക്കുന്നുണ്ട്. മഹാ കുംഭമേള ഒരു സീറോ ഫയർ ഇവൻ്റ് ആയി നടത്തുക എന്നതാണ് യോഗി സർക്കാരിൻ്റെ ലക്ഷ്യം.
ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ അത് 2 മിനിട്ടിനുള്ളിൽ തടയുക എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി ഓരോ സെക്ടറിലും അഗ്നിശമന സേനാംഗങ്ങൾ നിലയുറപ്പിക്കും. പ്രത്യേക പരിശീലനം ലഭിച്ച 200 റെസ്‌ക്യൂ ടീമുകളും 5,000 പ്രത്യേക അഗ്നിശമന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എഐ ഫയർ ഡിറ്റക്ഷൻ ക്യാമറകൾ കൺട്രോൾ റൂമിലേക്ക് തൽക്ഷണം അലേർട്ടുകൾ അയക്കും. മഹാ കുംഭമേളയിൽ തീപിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പ്രയാഗ്‌രാജ് ചീഫ് ഫയർ ഓഫീസറും മഹാ കുംഭമേളയുടെ നോഡൽ ഓഫീസറുമായ പ്രമോദ് ശർമ്മ അറിയിച്ചു.
undefined
2019-ലെ മഹാ കുംഭമേളയെ അപേക്ഷിച്ച് 2025-ലെ കുംഭമേളയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷാ വാഹനങ്ങളുടെയും എണ്ണം കൂടുതലായിരിക്കുമെന്ന് ചീഫ് ഫയർ ഓഫീസർ അറിയിച്ചു. 2019-ൽ 43 താൽക്കാലിക ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നെങ്കിൽ അത് ഇത്തവണ 50 ആയി ഉയരും. താൽക്കാലിക ഫയർ പോസ്റ്റുകളുടെ എണ്ണം 15ൽ നിന്ന് 20 ആയും, ഫയർ വാച്ച് ടവറുകൾ 43ൽ നിന്ന് 50 ആയും ഉയരും. കൂടാതെ, 7,000 ഫയർ ഹൈഡ്രൻ്റുകൾ സ്ഥാപിക്കും. 2019ൽ ഇത് 4,200 ആയിരുന്നു. ഫയർ റിസർവ് വാട്ടർ ടാങ്കുകളുടെ എണ്ണം ഇരട്ടിയാക്കും. 2019-ൽ 1,551 ഉദ്യോഗസ്ഥരെ വിന്യസിച്ച സ്ഥാനത്ത് ഈ വർഷം അത് 2,071 ആയി ഉയർത്തിയിട്ടുണ്ടെന്നും അഗ്നിശമന വാഹനങ്ങളുടെ എണ്ണം 166-ൽ നിന്ന് 351 ആയി വർധിപ്പിച്ചെന്നും അധികൃതർ അറിയിച്ചു.
2013-ൽ നടന്ന കുംഭ മേളയിൽ 612 തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 6 പേർ മരിക്കുകയും 15 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, യോഗി സർക്കാരിൻ്റെ നേതൃത്വത്തിൽ 2019-ൽ നടന്ന കുംഭമേളയിൽ 55 തീപിടിത്ത സംഭവങ്ങൾ മാത്രമാണ് ഉണ്ടായതെന്നും മരണങ്ങളോ പൊള്ളലേറ്റതുമായി ബന്ധപ്പെട്ട പരിക്കുകളോ ഉണ്ടായില്ലെന്നും അധികൃതർ വ്യക്തമാക്കി.
READ MORE: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് ഉദ്യോഗസ്ഥർ, വീഡിയോ