തങ്ങൾ നടത്തുന്ന പേയ്മെന്‍റുകൾ ആശുപത്രി അക്കൗണ്ടിലേക്കല്ല പോകുന്നതെന്ന് രോഗികൾ പലരും പറഞ്ഞതോടെയാണ് ഡോ. മൈഥിലിക്ക് സംശയം തോന്നിയത്.
ചെന്നൈ: സാമ്പത്തിക തിരിമറിക്കേസില്‍ സ്വകാര്യ ആശുപത്രിയിൽ കാഷ്യറായി ജോലി ചെയ്യുന്ന യുവതി അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. നഗരത്തിലെ ഒരു ആശുപത്രിയില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന സൗമ്യയാണ് പിടിയിലായത്. തിരുവാരൂർ സ്വദേശിയായ സൗമ്യ (24), ഡോക്ടർമാരും ചെന്നൈയിലെ മെട്രോസോൺ ഫ്ലാറ്റിൽ താമസക്കാരുമായ ഡോ. മൈഥിലിയും ഭർത്താവ് ഡോ. പളനിയും നടത്തുന്ന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
ഒരു ദശാബ്‍ദത്തോളമായി അണ്ണാനഗർ വെസ്റ്റ് എക്സ്റ്റൻഷനിൽ ദമ്പതികൾ ആശുപത്രി നടത്തുന്നുണ്ട്. തങ്ങൾ നടത്തുന്ന പേയ്മെന്‍റുകൾ ആശുപത്രി അക്കൗണ്ടിലേക്കല്ല പോകുന്നതെന്ന് രോഗികൾ പലരും പറഞ്ഞതോടെയാണ് ഡോ. മൈഥിലിക്ക് സംശയം തോന്നിയത്. ആശുപത്രിയുടെ കണക്കുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് സാമ്പത്തിക തിരിമറി ശ്രദ്ധയില്‍പ്പെട്ടത്.
ആശുപത്രിയിലെത്തുന്ന രോഗികൾ നല്‍കുന്ന പേയ്മെന്‍റുകൾ തന്‍റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കാണ് സൗമ്യ മാറ്റുകയായിരുന്നു. ഇങ്ങനെ 52 ലക്ഷം രൂപ സൗമ്യ തന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അക്കൗണ്ടില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെ ഡോ. മൈഥിലി ആവഡി സെൻട്രൽ ക്രൈംബ്രാഞ്ചിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈ കണ്ണമ്മപ്പേട്ടിൽ വെച്ച് സൗമ്യയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.