പുലർച്ചെ നാലുമണിയോടെ ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്തി. പിന്നാലെ എത്തിയ റെയിൽവേ മെഡിക്കൽ സംഘമാണ് പൊക്കിൾക്കൊടി മുറിച്ച് മാറ്റിയത്.
ബിലാസ്പൂർ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്പെഷ്യൽ ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് പോകുന്ന പ്രത്യേക ട്രെയിനിലാണ് ഇരുപത്തി മൂന്നുകാരി കുഞ്ഞിന് ജന്മം നൽകിയത്.
ഈശ്വരി യാദവ് എന്ന യുവതിയാണ് ഞായറാഴ്ച പുലർച്ചെ 1.50 ഓടെ കുഞ്ഞിനെ പ്രസവിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തുന്നതിന് മുമ്പാണ് ഈശ്വരി മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ പ്രസവിച്ചതെന്ന് ഭർത്താവ് രാജേന്ദ്ര യാദവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
"അവൾക്ക് പ്രസവ വേദന അനുഭവപ്പെട്ടതോടെ, ഞാൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചു. ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തുമ്പോൾ ഡോക്ടർമാർ വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ആ സ്റ്റേഷൻ ഞങ്ങൾ ഉണ്ടായിരുന്നിടത്ത് നിന്ന് വളരെ അകലെയായിരുന്നു. പിന്നാലെ, സഹായിക്കാമോ എന്ന് ട്രെയിനിലെ വനിതാ യാത്രക്കാരോട് ഞാൻ ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. അവൾ പ്രസവിക്കുകയും ചെയ്തു,"രാജേന്ദ്ര യാദവ് പറയുന്നു.
പുലർച്ചെ നാലുമണിയോടെ ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്തി. പിന്നാലെ എത്തിയ റെയിൽവേ മെഡിക്കൽ സംഘമാണ് പൊക്കിൾക്കൊടി മുറിച്ച് മാറ്റിയത്. അവർ ഈശ്വരിക്ക് മരുന്നുകൾ നൽകുകയും ചെയ്തു. രാവിലെ 10:55ന് ബിലാസ്പൂരിലെത്തിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(സിംസ്) ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഈശ്വരിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ ആർടി-പിസിആർ പരിശോധനയ്ക്കായി അയച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
മുങ്കേലിയിലെ ധരംപുര ഗ്രാമവാസിയാണ് രാജേന്ദ്ര യാദവ്. ജോലിക്കായി മാർച്ചിലാണ് ഇദ്ദേഹം ഭോപ്പാലിലേക്ക് പോയത്. "നിർഭാഗ്യവശാൽ, ഞാൻ ജോലി ആരംഭിച്ച് മൂന്ന്-നാല് ദിവസത്തിന് ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്തി. രണ്ട് മാസത്തേക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ക്രമീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരാറുകാരനിൽ നിന്നും മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങി. ഭഷണമില്ലാത്തതിൽ ചില സമയങ്ങളിൽ വെള്ളം കുടിച്ച് കഴിയേണ്ടി വന്നു" രാജേന്ദ്ര യാദവ് പറയുന്നു.