മികച്ച ജീവിതം പ്രതീക്ഷിച്ച് പുതിയ സ്ഥാപനത്തിൽ ജോലിക്കെത്തിയ യുവതിക്ക് അഗ്നിബാധയിൽ ദാരുണാന്ത്യം. ഒപ്പം മരിച്ചത് ഉറ്റസുഹൃത്ത്
സൂറത്ത്: ഗുജറാത്തിലെ സ്പായിലെ അഗ്നിബാധയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ മരിച്ചത് പുതിയ സ്ഥലത്തെ ആദ്യ ദിവസത്തിൽ. പുതിയ സ്ഥാപനത്തിൽ ജോലിക്കായി മൂന്ന് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ബുധനാഴ്ചയുണ്ടായ അഗ്നിബാധയിലാണ് രണ്ട് ജീവനക്കാരികൾ സൂറത്തിൽ കൊല്ലപ്പെട്ടത്. സിക്കിം സ്വദേശിനികളാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്. ബെനൂ ലിംബോ എന്ന 30 കാരിയും അടുത്ത സുഹൃത്തായ 33കാരി മനിഷ ദമായിയുമാണ് അഗ്നിബാധയിൽ കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ഒരു സലൂണിൽ ജോലി ചെയ്തിരുന്ന ബെനൂ ലിംബോ മൂന്ന് ദിവസം മുൻപാണ് മികച്ച ജീവിതം പ്രതീക്ഷിച്ച് സൂറത്തിലെത്തിയത്. എന്നാൽ ഒരേ നിലയിൽ പ്രവർത്തിക്കുന്ന സലൂണിന് സമീപമുള്ള ജിമ്മിലുണ്ടായ ഷോർട്ട് സർക്യൂട്ടിന് പിന്നാലെ സ്പായിലും തീ പടരുകയായിരുന്നു. സ്പായിലെ വാതിലിൽ ഉണ്ടായിരുന്ന ഫിംഗർ സ്കാനർ പ്രവർത്തിക്കാതെ വന്നതോടെയാണ് ആദ്യ ദിനം ജോലിക്കെത്തിയ സ്ത്രീയും സുഹൃത്തും സ്പായിൽ കുടുങ്ങിയത്. തീ പടർന്നതോടെ രക്ഷതേടി ശുചിമുറിയിൽ കയറിയ ഇരുവരും വിഷപുക ശ്വസിച്ചാണ് മരിച്ചത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു സ്പാ പ്രവർത്തിച്ചിരുന്നത്.
സ്ഥാപനത്തിനകത്തേക്ക് എത്താൻ ഒരു വാതിൽ മാത്രമുണ്ടായിരുന്നതും ജനാലകൾ പൂട്ടിയിട്ട നിലയിലുമായതാണ് രണ്ട് പേരും സ്പായിൽ കുടുങ്ങിപ്പോവാൻ കാരണമായത്. ബുധനാഴ്ച വൈകീട്ടോടെയാണ് സൂറത്തിലെ ഫോർച്യൂൺ കോപ്ലെക്സിലാണ് അഗ്നിബാധയുണ്ടായത്. ജിമ്മും സ്പായും ഒരേ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ദീപാവലി പ്രമാണിച്ച് ജിം അവധിയിൽ ആയിരുന്നു. സ്പായിലെ ശുചിമുറിയിൽ നിന്ന് മുഖത്തടക്കം പൊള്ളലേറ്റ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സിറ്റിലൈറ്റ് റോഡിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അമൃതിയ സ്പാ ആൻഡ് സലൂണിലാണ് അഗ്നിബാധയുണ്ടായത്.
സ്പായിൽ അഗ്നിബാധ, മേക്കപ്പ് സാധനങ്ങളിൽ തീ പടർന്നു, ശുചിമുറിയിലായിരുന്ന 2 പേർക്ക് ദാരുണാന്ത്യം
വിവരം ലഭിച്ച് മജുര, വേസു, കടോദര എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുമ്പോഴേയ്ക്കും വലിയ രീതിയിൽ തീ പടർന്നിരുന്നു. ദിൽഷാദ് ഖാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അപകടമുണ്ടായ സമയത്ത് 20 സ്ക്വയർ മീറ്റർ മാത്രം വിസ്താരമുള്ള സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗ്നിരക്ഷാ വിഭാഗത്തിൽ നിന്നുള്ള എൻഒസി പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം