ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗിൽ നിന്ന് വീടിന്‍റെ വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയ ശേഷമായിരുന്നു അൻപഴകി പതിവായി ഉറങ്ങാൻ പോയിരുന്നത്.
തഞ്ചാവൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലിൽ നൽകിയ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തമിഴ്നാട് മയിലാടുംതുറയിലാണ് സംഭവം. സീർകാഴി മുനിസിപ്പാലിറ്റിയിൽ നിന്ന് ശുചീകരണത്തൊഴിലാളിയായി വിരമിച്ച അൻപഴകിയാണ് മരിച്ചത്. ഇവര്‍ ഒറ്റക്കായിരുന്നു താമസം. 68 വയസായിരുന്നു. ഭർത്താവ് നേരത്തേ മരിച്ചു, കുട്ടികളില്ല.
ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗിൽ നിന്ന് വീടിന്‍റെ വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയ ശേഷമായിരുന്നു അൻപഴകി പതിവായി ഉറങ്ങാൻ പോയിരുന്നത്. സ്വന്തമായാണ് ഇവര്‍ വയർ ഉപയോഗിച്ച് ഇരുമ്പ് വാതിലിലേക്ക് വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്. കഴിഞ്ഞ ദിവസം പതിവുപോലെ ഇത്തരത്തിൽ ഉറങ്ങാൻ കിടന്ന അൻപഴകി പുലർച്ചെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ മറന്ന് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.
രാവിലെ ഏറെ നേരമായിട്ടും അൻപഴകി വീടിന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീർകാഴി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തീകരിച്ചു. മരണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.