തെലങ്കാനയിൽ ദുരൂഹതയുമായി വനിതാ കോൺസ്റ്റബിളിന്‍റെയും യുവാവിന്‍റെയും മരണം. തടാകത്തിൽ മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ എസ്ഐയ്ക്കായി തെരച്ചിൽ ആരംഭിച്ചു.
ഹൈദരാബാദ്: ഹൈദരാബാദ്: തെലങ്കാനയിൽ വനിതാ കോൺസ്റ്റബിളിനെയും യുവാവിനെയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഇന്നലെ അർദ്ധരാത്രിയോടെയാണ് കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിൽ ചാടി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രുതിയെയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലിനെയുമാണ് മരിച്ച നിലയിൽ തടാകത്തിൽ നിന്ന് കണ്ടെത്തിയത്.
കോൺസ്റ്റബിൾ ജോലി ചെയ്തിരുന്നതിന് തൊട്ടടുത്തുള്ള മറ്റൊരു പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാറിനെ കാണാനില്ലെന്ന വാർത്തയും ഇതിനിടെ പുറത്ത് വന്നു. ഈ എസ്ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബിക്ക് നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ സായികുമാർ ഇതേ തടാകത്തിൽ മുങ്ങി മരിച്ചെന്നാണ് സംശയം.
undefined
തടാകത്തിൽ സായ്‍കുമാറിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടു പേരുടെയും മരണത്തിന് പിന്നിലെ കാരണമോ, കാണാതായ സായ് കുമാറിന് ഇവരുമായുള്ള ബന്ധമെന്തെന്നോ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കോണ്‍സ്റ്റബിളും യുവാവും തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.