ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ന‍ൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

നൃത്തം നിരവധിപ്പേ‍ർ മൊബൈൽ ക്യാമറകളിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.


ഭോപ്പാൽ: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയിൽ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇൻഡോറിൽ നിന്ന് വിധിഷയിലെത്തിയ പരിണീത ജയിൽ എന്ന യുവതിയാണ് മരിച്ചത്. വിവാഹ തലേദിവസമുള്ള ആഘോഷങ്ങൾ നടന്നുവരുന്നതിനിടെ യുവതി വേദിയിൽ കയറി നൃത്തം ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകൾക്കുള്ളിൽ മുഖം കുത്തി വീഴുകയും ചെയ്യുന്നത്. നൃത്തം നിരവധിപ്പേ‍ർ മൊബൈൽ ക്യാമറകളിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

Latest Videos

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്ന്  റിപ്പോർട്ടുകൾ പറയുന്നു.  വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് ഹൃദയാഘാതം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അടുത്തുണ്ടായിരുന്നവർ ഓടിയെത്തി യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!