അൽക്ക അസ്തിത്വ ആയി; അസ്തിത്വയും ആസ്തയും ഒന്നായി, കുടുംബം സാക്ഷി...

By Web TeamFirst Published Dec 10, 2023, 11:00 AM IST
Highlights

ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഭോപ്പാല്‍: സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെങ്കിലും വിവാഹത്തിന് നിയമ സാധുതയില്ല. എന്നാല്‍ തന്‍റെ ദീര്‍ഘകാലമായുള്ള കാമുകിയെ ലിംഗമാറ്റത്തിലൂടെ വിവാഹം ചെയ്തിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

47ആം വയസ്സിലാണ് അല്‍ക്ക സോണി ലിംഗമാറ്റത്തിലൂടെ പുരുഷനായത്. അസ്തിത്വ സോണിയെന്ന പേര് സ്വീകരിച്ചു. ശസ്ത്രക്രിയക്കും എത്രയോ മുന്‍പുതന്നെ സ്ത്രീയല്ലെന്ന് സ്വയം തോന്നിയതിനാല്‍ പുരുഷനെപ്പോലെയാണ് അസ്തിത്വ ജീവിച്ചിരുന്നത്. ആസ്ത എന്ന യുവതിയുമായി പ്രണയത്തിലാവുകയും ചെയ്തു. അസ്തിത്വയുടെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ആസ്ത. അങ്ങനെയാണ് പരിചയപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു. പരിചയം പിന്നീട് പ്രണയമായി. അതിനുശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനും വിവാഹം രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചതെന്ന് അസ്തിത്വയും ആസ്തയും വിശദീകരിച്ചു.

Latest Videos

ഇരുവരും ഇൻഡോർ ഡെപ്യൂട്ടി കലക്ടർ റോഷൻ റായിക്ക് തങ്ങളുടെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയിരുന്നു. കലക്ടറുടെ പരിശോധനയ്ക്ക് ശേഷം അപേക്ഷ സ്വീകരിച്ചു. ഡിസംബര്‍ ഏഴിനാണ് അസ്തിത്വയും ആസ്തതയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. ഇരുഭാഗത്തു നിന്നുമുള്ള രണ്ട് സാക്ഷികളുടെയും ഒരു സംയുക്ത സാക്ഷിയുടെയും സാന്നിധ്യത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇരുവരുടെയും കുടുംബങ്ങള്‍ ഒപ്പം നിന്നു. ഏറെ സന്തോഷമുണ്ടെന്ന് ആസ്തയും അസ്തിത്വയും പറഞ്ഞു. ഡിസംബര്‍ 11ന് അഗ്നിയെ ഏഴ് തവണ പ്രദക്ഷിണം വെച്ച് പരമ്പരാഗത രീതിയില്‍ ചടങ്ങുകള്‍ നടത്തും. 

സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത ഇല്ലെങ്കിലും ഹെട്രോ സെക്ഷ്വല്‍ ബന്ധത്തിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവിലെ വ്യക്തിനിയമ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി ഉത്തരവുണ്ട്.  ഇത്തരം വിവാഹങ്ങൾക്ക് കുടുംബത്തിന്റെ സമ്മതം അനിവാര്യമാണെന്നാണ് കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ വിവാഹമാണ് ആസ്തയുടെയും അസ്തിത്വയുടെയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!