'മഴ മുന്നറിയിപ്പ് കാണുമ്പോഴേക്കും രക്ഷിതാക്കള്‍ വിളിച്ച് അവധിയുണ്ടോയെന്ന് ചോദിക്കുന്നു. വിദ്യാർത്ഥികൾ കളക്ടറുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോയി അവധി അഭ്യര്‍ത്ഥിക്കുന്നു'- വൈറലായി തഞ്ചാവൂർ കളക്ടറായ മലയാളി ദീപക് ജേക്കബിന്‍റെ പ്രതികരണം
തഞ്ചാവൂര്‍: മഴ പെയ്താലുടൻ സ്‌കൂളിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ തമിഴ്നാട്ടിലെ മലയാളി കലക്ടറുടെ പ്രതികരണം വൈറലായി. ജൂൺ ഒന്നിന് മഴ തുടങ്ങുന്ന കേരളത്തിലാണ് താൻ പഠിച്ചതെന്ന് തഞ്ചാവൂർ കളക്ടറായ കൊട്ടാരക്കര സ്വദേശി ദീപക് ജേക്കബ് പറഞ്ഞു. മഴ കാരണം സ്കൂളിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിൽ താൻ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നുവെന്നും ദീപക് പറഞ്ഞു.
ടിവിയിൽ മഴ മുന്നറിയിപ്പ് വാർത്ത വരുമ്പോള്‍ ഉടനെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തന്നെ വിളിച്ച് ഇന്ന് സ്‌കൂളിന് അവധിയുണ്ടോ എന്ന് ചോദിക്കാറുണ്ടെന്ന് ദീപക് ജേക്കബ് പറഞ്ഞു. മഴ പെയ്യുമോ എന്നറിയാൻ ആകാശത്തേക്ക് നോക്കുന്നു വിദ്യാർഥികള്‍. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ ടിവിക്ക് മുന്നിൽ ഇരിക്കുന്നതും കാണാം. അവധിയാണെങ്കില്‍ ഗൃഹപാഠം ചെയ്യേണ്ടല്ലോ എന്നുകരുതി മഴ പെയ്യാന്‍ പ്രാര്‍ത്ഥിക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. ചിലരാകട്ടെ കളക്ടർമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിൽ പോയി മഴയാണെന്നും അവധി നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
undefined
"ഞാന്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. മഴ നനഞ്ഞ് സ്‌കൂളിൽ പോയിട്ടുണ്ട്. അന്ന് മഴ പെയ്യുമെന്ന് കരുതി സ്കൂളിൽ പോകാതെ വീട്ടിലിരുന്നെങ്കിൽ ഞാന്‍ ഇന്ന് കളക്ടറായി നിങ്ങളുടെ മുന്നിൽ നിൽക്കാമായിരുന്നോ? അതുകൊണ്ട് അച്ഛനമ്മമാരേ, ദയവുചെയ്ത് നിങ്ങളുടെ കുട്ടികളെ സ്‌കൂളിൽ അയക്കുക. മറ്റുള്ളവർക്ക് മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസമാണ്"- കലക്ടര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം