'പഞ്ചാബിൽ വീണ്ടും അശാന്തി പടരുമോ'; എന്താണ് ഖലിസ്ഥാൻ വാദം, വാരിസ് പഞ്ചാബ് ദെ, ആരാണ് അമൃത്പാൽ സിങ് ?

By P S Vinaya  |  First Published Mar 2, 2023, 2:56 PM IST

തീവ്ര സിഖ് സംഘടനകൾ ഇത്തരം വിഷയങ്ങൾ  ഉയര്‍ത്തി നിരന്തരം സംഘര്‍ഷങ്ങൾ സൃഷ്ടിക്കുമ്പോൾ, മൂന്നര പതിറ്റാണ്ട് മുമ്പ് ഓപ്പറേഷൻ ബ്ലാക് തണ്ടറിന്റെ നായകത്വം വഹിച്ച ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനടക്കം വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്.


നീണ്ട ഇടവേളയ്ക്ക് ശേഷം പഞ്ചാബില്‍ നിന്നും സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ വരികയാണ്. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പഞ്ചാബിൽ വിഘടന വാദം അമർച്ചചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച അജിത് ഡോവൽ ദേശിയ സുരക്ഷാ ഉപദേഷ്ടാവായി ഇരിക്കുമ്പോഴാണ് ഈ അക്രമ സംഭവങ്ങൾ. രാജ്യത്തിന്റെ തന്ത്രപ്രധാന അതിര്‍ത്തി സംസ്ഥാനത്ത്  വീണ്ടും ഖലിസ്ഥാന്‍ വാദം ശക്തമാവുകയാണോ? അനുയായികള്‍ രണ്ടാം ഭിന്ദ്രന്‍വാലയെന്ന് വിളിക്കുന്ന അമൃത്പാല്‍ സിങ് ആരാണ്?  എന്താണ് വാരിസ് പഞ്ചാബ് ദെ? 

പ്രത്യേക സിഖ് പരമാധികാര രാജ്യം ലക്ഷ്യമിട്ടുള്ള ഖലിസ്ഥാൻ പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയുടെ  80കളെ  രക്തരൂക്ഷിതമാക്കിയാണ് കെട്ടടങ്ങിയത്. പ്രധാനമന്ത്രിയുടേയും പഞ്ചാബ് മുഖ്യമന്ത്രിയുടേയും അടക്കം പതിനായിരക്കണക്കിന് ജീവനുകള്‍ രാജ്യത്തിന് നഷ്ടമായി. 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെ ഭിന്ദ്രന്‍വാലയേയും 1986, 88 വര്‍ഷങ്ങളിൽ നടന്ന ഓപ്പറേഷൻ ബ്ലാക് തണ്ടറിലൂടെ ഖലിസ്ഥാൻ വാദത്തേയും വലിയ തോതിൽ ഇല്ലാതാക്കാനായി.

Latest Videos

undefined

എന്നാല്‍ കാനഡയിലും യുകെയിലും ഓസ്ട്രേലിയയിലും കുടിയേറിയ സിഖ് യുവാക്കളിലൂടെ തീവ്രസിഖ് സംഘടനകൾ ഖലിസ്ഥാൻ സ്വപ്നം സജീവമാക്കി നിലനിര്‍ത്തി. അക്രമങ്ങളിലൂടെ ആ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള നീക്കങ്ങൾ പഞ്ചാബില്‍ വീണ്ടും സജീവമാവുകയാണെന്നാണ് സമീപകാല സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചാബിലെ ജനജീവിതത്തെ അസ്വസ്ഥമാക്കുന്ന കാലമാണോ വീണ്ടും വരാന്‍ പോകുന്നത് എന്ന ചോദ്യം ഉയരുന്നു.

തീവ്ര സിഖ് നേതാവായ അമൃത്പാൽസിങിന്റെ വലംകയ്യായ ലവ്‍പ്രീത് സിങ് തൂഫാനെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരി 23ന്  നടന്ന അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമണമാണ് അവസാന സംഭവം. ഒരു തട്ടിക്കൊണ്ടുപോകല്‍ കേസിൽ പൊലീസ് പിടികൂടി അമൃത്സർ സെന്‍ട്രൽ ജയിലിലടച്ച  തൂഫാനെ മോചിപ്പിക്കുന്നതു വരെ അക്രമങ്ങൾ അരങ്ങേറി. സിഖ് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കൈകളിലേന്തിയാണ് അക്രമികൾ വാളുകളും ആയുധങ്ങളുമായി പൊലീസുകാരെ ആക്രമിച്ചതെന്ന് പഞ്ചാബ് ഡിജിപി വെളിപ്പെടുത്തി. പുണ്യഗ്രന്ഥത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനായി പൊലീസിന് അക്രമികളുടെ മുന്നിൽ സംയമനം പാലിക്കേണ്ടിവന്നെന്നും ഡിജിപി വിശദീകരിച്ചു.

എന്താണ് വാരിസ് പഞ്ചാബ് ദേ, ആരാണ് അമൃത്പാൽ സിങ്

വാരിസ് പഞ്ചാബ് ദേ എന്നാൽ പഞ്ചാബിന്റെ അവകാശികൾ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദേയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിൽ സിദ്ദു മരിച്ചു. അതിന് ശേഷം വാരിസ് പഞ്ചാബ് ദേയുടെ നേതാവായി സ്വയം അവരോധിച്ച ആളാണ് അമൃത്പാല്‍സിങ്. 30 വയസ്സുള്ള അമൃത്പാല്‍സിങിനെ രണ്ടാം ഭിന്ദ്രന്‍വാല എന്നാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്

1993ല്‍ അമൃത്സറിലെ ജല്ലുപുർ ഖേര ഗ്രാമത്തിലാണ് അമൃത്പാല്‍സിങിന്റെ ജനനം. 12- ക്ലാസ് വരെ പഠിച്ച ശേഷം ദുബായിൽ അമ്മാവന്റെ ട്രാന്‍സ്‌പോര്‍ട്ട് കന്പനിയിൽ ജോലി ചെയ്യാനായി ഇന്ത്യ വിട്ടു. വളരെ മോഡേണായ യുവാവില്‍ നിന്ന് താടി നീട്ടി, തലയിൽ ടര്‍ബൻ ധരിച്ച തീവ്ര സിഖ് നേതാവിലേക്കുള്ള അമൃത്പാല്‍സിങിന്റെ മാറ്റം വളരെ പെട്ടെന്നായിരുന്നു. ആറുമാസങ്ങള്‍ക്ക് മുന്പ് മാത്രമാണ് അമൃത്പാല്‍സിങ് സുരക്ഷാ ഏജന്‍സികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുന്നത്. സാമൂഹിക മധ്യമങ്ങളില്‍ ഖലിസ്ഥാൻ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിച്ച് അമൃത്പാൽ ചുരുങ്ങിയ സമയത്തില്‍ നൂറുകണക്കിന് അനുയായികളെ സംഘടിപ്പിച്ചു. 24 മണിക്കൂറും സായുധരായ അനുയായികളുടെ സംരക്ഷണയിലാണ് അമൃത്പാല്‍സിങ്.

ദുബായില്‍ ജോലിചെയ്യുകയായിരുന്ന അമൃത്പാല്‍സിങ്, ദീപ് സിദ്ദുവിന്റെ മരണ ശേഷം എങ്ങനെയാണ് ആ സംഘടനയുടെ നേതാവായതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ദീപ് സിദ്ദുവിന്റെ സഹോദരനും ലുധിയാനയിലെ അഭിഭാഷകനുമായ മന്‍ദീപ് സിങ് സിദ്ദു പറയുന്നത്. ദീപ് സിദ്ദു ഒരിക്കലും വിഘടനവാദി ആയിരുന്നില്ലെന്നും ദീപ് സിദ്ദു അമൃത്പാല്‍സിങിനെ കണ്ടിട്ടുകൂടിയില്ലെന്നും മന്‍ദീപ് പറയുന്നു. ദുബായില്‍ നിന്ന് അമൃത്പാൽ സിദ്ദുവിനെ വിളിച്ചിട്ടുണ്ടെന്നും ദീപ് സിദ്ദു അമൃത്പാലിനെ ബ്ലോക്ക് ചെയ്തതാണെന്നും സഹോദരന്‍ വ്യക്തമാക്കി.

അമൃത്പാൽ, ദീപ് സിദ്ദുവിന്റെ അനുയായികളെ കൂടെക്കൂട്ടി രണ്ടാം ഭിന്ദ്രന്‍വാലയായി രംഗത്തിറങ്ങിയത് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ തലവേദനയായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ മോഗ ജില്ലയിൽ അമൃതപാൽ സിങ് നടത്തിയ പരിപാടിയിൽ ആയിരക്കണക്കിന് ഖലിസ്ഥാനി അനുകൂലികൾ തടിച്ചുകൂടിയതു മുതൽ സുരക്ഷാ ഏജന്‍സികൾ ജാഗ്രതയിലാണ്. ഭിന്ദ്രന്‍വാലയുടെ വേഷവിധാനങ്ങളോടെയാണ്  അമൃത്പാല്‍സിങിന്റെ പൊതുവേദികളിലെ പ്രത്യക്ഷപെടലുകൾ പോലും. അമൃതപാല്‍സിങ് പിന്തുണയ്ക്കുന്ന ഖലിസ്ഥാനി അനുകൂല പാര്‍ട്ടിയായ ശിരോമണി അകാലിദള്‍(അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ് മാൻ, സാംഗ്രൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണ്.

 ബന്ദി സിങ്സ്  വിഷയം

എണ്‍പതുകളിലെ ഖലിസ്ഥാൻ പ്രക്ഷോഭ കാലത്ത് നടന്ന കൊലപാതക കേസുകളില്‍ പെട്ട് പതിറ്റാണ്ടുകളായി ജയിലുകളിൽ കഴിയുന്ന സിഖുകാരുടെ മോചനമാണ് ബന്ദി സിങ്‌സ് വിഷയം. ഇവരുടെ മോചനമാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങളാണ് പഞ്ചാബില്‍ അരങ്ങേറുന്നത്. നിരവധി സംഘടനകൾ ഇവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 ബന്ദി സിങുമാരാണ് നിലവിലുള്ളത്. ഇതില്‍  16 പേ‌ർ ജയിലിലും 4 പേർ പരോളിലുമാണ്.

ബിജെപിയും ശിരോമണി അകാലിദളും അടക്കമുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ മോചനത്തിന് അനുകൂലമാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ കേസുകളില്‍ പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാല്‍ വേഗത്തിലുള്ള മോചനനീക്കം സാധ്യമല്ല . തീവ്ര സിഖ് സംഘടനകൾ ഇത്തരം വിഷയങ്ങൾ  ഉയര്‍ത്തി സംഘര്‍ഷങ്ങൾ സൃഷ്ടിക്കുന്പോൾ, മൂന്നര പതിറ്റാണ്ട് മുന്പ് ഓപ്പറേഷൻ ബ്ലാക് തണ്ടറിന്റെ നായകത്വം വഹിച്ച ഇന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനടക്കം വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്.

click me!