'താരപരിവേഷമുള്ള അവതാരകൻ, മാധ്യമപ്രവർത്തകൻ'; ഗുജറാത്തിൽ ആംആദ്മി കണ്ടുവച്ച മുഖ്യമന്ത്രി സ്ഥാനാർഥി ആരാണ്?

By Sreenath Chandran  |  First Published Nov 8, 2022, 12:28 PM IST

വാട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ഇമെയിൽ ആയുമെല്ലാം സ്ഥാനാർഥിയെ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു. 70 ശതമാനവും ഗാഡ്വിയെ ആണ് ശുപാർശ ചെയ്തതെന്നാണ് അഹമ്മദാബാദിൽ സ്ഥാനാഥിയെ  പ്രഖ്യാപിക്കുന്ന ചടങ്ങിൽ കെജരിവാൾ പറഞ്ഞത്. 


അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ഇത്തവണ ചൂട് പിടിപ്പിച്ചതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ..അത് ആംആദ്മി പാർട്ടിയുടെ രംഗ പ്രവേശമാണ്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക മാസങ്ങൾക്ക് മുൻപേ പ്രഖ്യാപിച്ച് പൊരിഞ്ഞ പ്രചാരണം. ബിജെപിയും കോൺഗ്രസും സ്ഥാനാർഥി പട്ടികാ ചർച്ചകൾ നീട്ടിക്കൊണ്ട് പോവുന്നതിനിടെ ആപ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഡ്‍വി. കേരളത്തിലുള്ളവർ ഭൂരിപക്ഷവും ആദ്യമായാവും ആ പേര് കേൾക്കുന്നത്. പക്ഷെ ഗുജറാത്തുകാർക്ക് അതങ്ങനെയല്ല. വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതൻ. വിടിവി ഗുജറാത്തി എന്ന ചാനലിലെ പ്രൈം ടൈം ഷോ ആയ മഹാമന്ദന്‍റെ താര പരിവേഷമുള്ള അവതാരകൻ.  

കെട്ടിയിറക്കിയതല്ല; ജനങ്ങൾ പറഞ്ഞത് 

Latest Videos

undefined

എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും  നറുക്ക് വീണത് ഇസുദാൻ ഗാഡ്വിക്ക് ആണ്. വാട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ഇമെയിൽ ആയുമെല്ലാം സ്ഥാനാർഥിയെ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നു. 70 ശതമാനവും ഗാഡ്വിയെ ആണ് ശുപാർശ ചെയ്തതെന്നാണ് അഹമ്മദാബാദിൽ സ്ഥാനാഥിയെ  പ്രഖ്യാപിക്കുന്ന ചടങ്ങിൽ കെജരിവാൾ പറഞ്ഞത്. അഴിമതിക്കെതിരായ പോരാട്ടം നയമായി അവതരിപ്പിക്കുന്ന ആംആദ്മി പാർട്ടിക്ക് ഇതിലും നല്ല സ്ഥാനാർഥിയെ അവതരിപ്പിക്കാനില്ലെന്ന് നേതൃത്വം പറയുന്നു. 

മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഗാഡ്വി നടത്തിയിട്ടുള്ള അഴിമതി വിരുധ വാർത്തകളാണ് എടുത്ത് കാട്ടുന്നത്. ദൂരദർശനിൽ തുടങ്ങി പിന്നീട് ഇടിവി ഗുജറാത്തിയിലും വിടിവി ഗുജറാത്തിയിലുമായുള്ള മാധ്യമപ്രവർത്തന കാലയളവിൽ എണ്ണമറ്റ അഴിമതിക്കഥകളാണ് ഗാഡ്വി പുറത്ത് കൊണ്ട് വന്നത്. വന നശീകരണവും ഖനന അഴിമതിയും മുതൽ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ വരെ വരെ വലിയ ചർച്ചയാക്കി. വിടിവി ഗുജറാത്തിയിലെ മഹാമന്ദൻ എന്ന പ്രൈം ടൈം ഷോ ഒരു മണിക്കൂറിൽ നിന്ന് ഒന്നര മണിക്കൂറാക്കിയത് പ്രേക്ഷകർ നൽകിയ വൻ സ്വീകര്യത കൊണ്ടാണ്. 

കൊവിഡ് കാലം രൂപപ്പെടുത്തിയ രാഷ്ട്രീയക്കാരൻ

കൊവിഡ് കാലത്താണ് ഇസുദാൻ ഗാഡ്വി ആംആദ്മി പാർട്ടിയിൽ ചേരുന്നത്. മാധ്യമ പ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങാൻ കൊവിഡ് കാല അനുഭവങ്ങളാണ് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. കൊറോണാ വൈറസിന്‍റെ ഡെൽറ്റാ വകഭേദം ഇസുദാനെയും അമ്മയെയും ബാധിച്ചു. ഗുജറാത്തിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത സ്വയം അനുഭവിച്ചു. 108 ആമ്പുലൻസിൽ എത്താവർക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയില്ലെന്നൊരു വിചിത്ര ഉത്തരവ് അക്കാലത്ത് ഗുജറാത്ത് സർക്കാർ ഇറക്കിയിരുന്നു. 

സ്വകാര്യവാഹനത്തിൽ വന്നതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട ഒരു മകനെയും അമ്മയെയും നേരിൽ കണ്ടതോടെ ഭരിക്കുന്നവർക്കെതിരെ അമർഷം പുകഞ്ഞു. വിചിത്ര ഉത്തരവിട്ട ഉദ്യോഗസ്ഥന്‍റെ നമ്പർ കണ്ട് പിടിച്ച് ഇസുദാൻ പുറത്ത് വിട്ടു. ആയിരക്കണക്കിന് പ്രതിഷേധ കോളുകളെത്തി. ഉദ്യോഗസ്ഥന് സ്വര്യജീവിതം നഷ്ടമായി. അദ്ദേഹം കോടതിയെ സമീപിച്ചു. പക്ഷെ അപ്പോഴേക്കും മാധ്യമപ്രവർത്തനത്തിൽ രാഷ്ട്രീയ നേതാവിലേക്ക് മാറാൻ ഇസുദാൻ മനസ് പാകപ്പെടുത്തിയിരുന്നു. അങ്ങനെ കഴിഞ്ഞ വർഷം ആംആദ്മി പാർട്ടിയിൽ ചേർന്നു. ഇക്കൊല്ലം ദേശീയ ജനറൽ സെക്രട്ടറി പദത്തിലെത്തി.

ഇസുദാൻ ഇറങ്ങുമ്പോൾ ആപ്പ് കണ്ണുവയ്ക്കുന്നതെന്ത്?
 
ഇസുഭായ് എന്നാണ് സ്നേഹമുള്ള പ്രേക്ഷകരും അടുപ്പമുള്ളവരും ഇസുദാൻ ഗാഡ്വിയെ വിളിക്കാറ്. 
ഗുജറാത്തിലെ ദ്വാരകയിൽ പിപലിയ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനനം. നാടോടി കവിതകൾ എഴുതുന്ന ഒബിസി വിഭാഗമാണ് ഈ ഗാഡ്വികൾ. ഇസുദാനെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കുമ്പോൾ സൗരാഷ്ട്രാ മേഖലയിൽ അത് വലിയ നേട്ടമുണ്ടാക്കുമെന്ന് ആംആദ്മി കരുതുന്നു. പട്ടേൽ വിഭാഗത്തിന് കരുത്തുള്ള മേഖലയാണ് സൗരാഷ്ട്ര. കഴിഞ്ഞ തവണ കോൺഗ്രസിനെ തുണച്ച മണ്ണ്. ഇത്തവണ കോൺഗ്രസിൽ നിന്ന് അകന്ന ആ പട്ടേൽ വിഭാഗം ബിജെപിയെക്കാൾ എഎപിയെ സഹായിച്ചേക്കുമെന്ന് കണക്ക് കൂട്ടലുണ്ട്. 

അൽപേഷ് കത്തരിയ, ധർമ്മിക് മാൽവിയ എന്നീ പട്ടേൽ സമുദായ സമര നേതാക്കൾ ആപ്പിൽ ചേർന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സൗരാഷ്ട്രയിലെ 30 സീറ്റുകളിൽ ആകെ പോൾ ചെയ്ത വോട്ടിന്‍റെ 1 ശതമാനത്തിന്‍റെ ഭൂരിപക്ഷം മാത്രമാണ് ജേതാവിനെ നിശ്ചയിച്ചതെന്ന് ഓർക്കണം. പട്ടേൽ വിഭാഗത്തിനൊപ്പം ഇസുദാന്‍റെ സാനിധ്യം കൂടിയാവുമ്പോൾ സൗരാഷ്ട്രയിൽ തേരോട്ടം നടത്താമെന്ന് ആംആദ്മി കണക്ക് കൂട്ടുന്നുണ്ടാവണം.

പ്രചാരണ പ്രവർത്തനങ്ങളിൽ സജീവം

കഴിഞ്ഞ 14 മാസത്തിനിടെ 1200 രാഷ്ട്രീയ യോഗങ്ങളിലാണ് ഇസുദാൻ ഗാഡ്വി പങ്കെടുത്തത്. ഗുജറാത്ത് മുഴുവൻ രണ്ട് തവണയെങ്കിലും പൂർണമായി പര്യടനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ പലയിടത്തും കെട്ടിവച്ചകാശ് പോലും കിട്ടാതിരുന്ന പാർട്ടി 5 വർഷം നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ വിളവെടുപ്പാണ് ഇസുദാൻ ഗാഡ്വിയുടെ നേതൃത്വത്തിൽ ഇത്തവണ കാത്തിരിക്കുന്നത്.

Read More : 'പാലം ബലപ്പെടുത്തിയില്ല, അലുമിനിയം ഷീറ്റ് പാകി'; മോർബി തൂക്കുപാലം തകർച്ചയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പൊലീസ്

click me!