2009ലാണ് കോൺഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്.
ദില്ലി: കഴിഞ്ഞ 25 വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രമെടുക്കുമ്പോൾ കോൺഗ്രസ്-ബിജെപി നേരിട്ടുള്ള ഏറ്റുമുട്ടലലിൽ മുൻതൂക്കം ബിജെപിക്ക്. 1998ലെ തെരഞ്ഞെടുപ്പിൽ 477 സീറ്റിൽ കോൺഗ്രസ് മത്സരിച്ചു. ബിജെപി 388 സീറ്റിലും. ഇതിൽ നേർക്കുനേർ 173 സീറ്റുകളിൽ ഇരു പാർട്ടികളും ഏറ്റുമുട്ടി. 95 സീറ്റിൽ ബിജെപി വിജയക്കൊടി പാറിച്ചപ്പോൾ കോൺഗ്രസ് 78 ഇടത്ത് വിജയിച്ചു. 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപിയും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി.
ബിജെപി 399 സീറ്റിലാണ് മത്സരിച്ചത്. കോൺഗ്രസ് 453 സീറ്റിൽ മത്സരിച്ചു. ഇരുപാർട്ടികളും 197 സീറ്റിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 137 സീറ്റിൽ ബിജെപി വിജയിച്ചു. 60 സീറ്റിൽ കോൺഗ്രസും. 2004ൽ ഇന്ത്യ തിളങ്ങുന്ന എന്ന മുദ്രാവാക്യവുമായി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും 364 സീറ്റിൽ മത്സരിച്ചു. കോൺഗ്രസ് 417 ഇടത്തും മത്സരിച്ചു. 181 സീറ്റിലാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. 110 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചപ്പോൾ 71 ഇടത്ത് കോൺഗ്രസ് വിജയിച്ചു.
2009ലാണ് കോൺഗ്രസ് ബിജെപിയുമായി പിടിച്ചുനിന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തുടർച്ച നേടിയ വർഷമായിരുന്നു അത്. 440 സീറ്റിൽ കോൺഗ്രസും 433 സീറ്റിൽ ബിജെപിയും മത്സരിച്ചു. 174 സീറ്റിൽ നേർക്കുനേർ ഏറ്റുമുട്ടി. നേർക്കുനേർ പോരാട്ടത്തിൽ 89 സീറ്റിൽ കോൺഗ്രസും 85 സീറ്റിൽ ബിജെപിയും വിജയിച്ചു. 2014ലും 2019 കോൺഗ്രസിന്റേത് ദയനീയ പ്രകടനമായിരുന്നു.
Read More... മോദി നിർമ്മിച്ചത് വെള്ളമില്ലാത്ത കക്കൂസ്, നടക്കാത്ത ഗ്യാരന്റി കൾ ചത്തുമലച്ചു കിടക്കുന്നു: ബിനോയ് വിശ്വം
2014ൽ കോൺഗ്രസ് 464 മണ്ഡലങ്ങളിലും ബിജെപി 428 മണ്ഡലങ്ങളിലും മത്സരിച്ചു. 187 മണ്ഡലങ്ങളിൽ നേർക്കുനേർ മത്സരിച്ചു. 167 സീറ്റ് നേടി ബിജെപി കരുത്തുകാട്ടിയപ്പോൾ വെറും 20 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. 2019ൽ ബിജെപി 436 മണ്ഡലങ്ങളിലും കോൺഗ്രസ് 303 മണ്ഡലങ്ങളിലും മത്സരിച്ചു. 190 സീറ്റിൽ നേരിട്ട് മത്സരിച്ചു. ബിജെപി 175 മണ്ഡലങ്ങളിൽ ജയിച്ചപ്പോൾ കോൺഗ്രസിന്റെ സംഖ്യ വെറും 15ലേക്ക് ചുരുങ്ങി.