'സാധാരണക്കാർക്ക് നഷ്ടം 30 ലക്ഷം കോടി'; എന്താണ് രാഹുൽ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണം?

By Web Team  |  First Published Jun 7, 2024, 1:19 PM IST

വലിയ വിജയം ബിജെപിക്കുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ മോദിയും അമിത് ഷായും പ്രേരിപ്പിച്ചു. അസാധാരണമായ ഈ പരാമർശങ്ങള്‍ ഓഹരി വിപണിയിലെ കുംഭകോണം ലക്ഷ്യമിട്ടെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. 


ദില്ലി: നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓഹരി വിപണി കുംഭകോണത്തില്‍ വിവാദം കത്തുകയാണ്. എന്താണ് കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം എന്ന് പരിശോധിക്കാം. 

കേന്ദ്രമന്ത്രിസഭ രൂപീകരണത്തിന്‍റെ ചർച്ചകള്‍ ദില്ലിയില്‍ നടക്കുമ്പോഴാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കുമെതിരെ ഗുരുതരമായ ആരോപണം കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്നത്. മോദിയും അമിത് ഷായും നിർമല സീതാരാമനും തെര‍ഞ്ഞെടുപ്പിനിടെ അഭിമുഖങ്ങളില്‍ പറഞ്ഞ ഓഹരി വിപണിയിലെ കുതിപ്പ് കേന്ദ്രീകരിച്ചാണ് ആരോപണം. വലിയ വിജയം ബിജെപിക്കുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരികള്‍ വാങ്ങിക്കൂട്ടാൻ നിക്ഷേപകരെ മോദിയും അമിത് ഷായും പ്രേരിപ്പിച്ചു. അസാധാരണമായ ഈ പരാമർശങ്ങള്‍ ഓഹരി വിപണിയിലെ കുംഭകോണം ലക്ഷ്യമിട്ടെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. 

Latest Videos

undefined

മോദിയുടെയും അമിത് ഷായുടെയും വാക്കു കേട്ട് സാധാരണക്കാർ വ്യാപകമായി ഓഹരികള്‍ വാങ്ങിക്കൂട്ടി. ഇതിന് പിന്നാലെ കോടികളുടെ വിദേശ നിക്ഷേപം വിപണിയിലേക്ക് വന്നു. ജൂണ്‍ ഒന്നിന് എക്സിറ്റ്പോളുകള്‍ എൻഡിഎയ്ക്ക് 400 സീറ്റുകള്‍ പ്രവചിച്ചതും ഓഹരിയില്‍ കുതിപ്പിന് കാരണമായി. എന്നാൽ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ വിപണി ഇടിയുകയും 30 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ പറയുന്നു. നഷ്ടം വന്നതെല്ലം സാധാരണക്കാരായ ഓഹരി നിക്ഷേപകർക്കാണെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. 

സെബി അന്വേഷണം നടക്കുന്ന അദാനിയുടെ ചാനലിലാണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങള്‍ നടത്തിയതെന്നത് ദുരൂഹമാണെന്ന് രാഹുല്‍ പറയുന്നു. എക്സിറ്റ് പോളുകള്‍ അഴിമതിക്ക് വേണ്ടി തയ്യാറാക്കിയതാണ്. സീറ്റ് കുറയുമെന്ന് അറിഞ്ഞുകൊണ്ട് എന്തിനാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ജനങ്ങളോട് ഓഹരികള്‍ വാങ്ങണമെന്ന ഉപദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഈ വിഷയത്തില്‍ ജെപിസി അന്വേഷണം ആണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അന്വേഷണത്തില്‍ മോദിയേയും അമിത് ഷായേയും ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. ആരോപണങ്ങള്‍ ബിജെപി തള്ളിയെങ്കിലും പതിനെട്ടാം ലോക്സഭ ചേരുമ്പോള്‍ ഈ വിഷയം വലിയ ബഹളത്തിന് കാരണമാകുമെന്ന് ഉറപ്പാണ്.

അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, കേസ് ജൂലൈ 30ന് വീണ്ടും പരിഗണിക്കും

click me!