കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Oct 2, 2020, 4:59 PM IST

എനിക്ക് കൊവിഡ് രോ​ഗം കണ്ടെത്തുകയാണെങ്കിൽ ഞാൻ മുഖ്യമന്ത്രി മമത ബാനർജിയെ പോയി കെട്ടിപ്പിടിക്കും. മഹാമാരി ബാധിച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന അവർ മനസ്സിലാക്കണം എന്നായിരുന്നു ഹസ്രയുടെ പ്രസ്താവന. 


ദില്ലി: കൊവിഡ് രോ​ഗം സ്ഥിരീകരിച്ചാൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് അനുപം ഹസ്രയ്ക്ക് കൊവിഡ്. ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ് അനുപം ഹസ്ര. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തനിക്ക് കൊവിഡ് ബാധയുണ്ടെന്ന വിവരം പങ്കുവച്ചത്. അദ്ദേഹത്തെ കൊൽക്കത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തനിക്ക് കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന അനുപം ഹസ്രയുടെ പരാമർശത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് ബാധിതരുടെ കുടുംബത്തിന്റെ വേദന മുഖ്യമന്ത്രിയെ അറിയിക്കാനാണ് കെട്ടിപ്പിടിക്കുന്നതെന്നായിരുന്നു ഹസ്രയുടെ വിശദീകരണം. 2019ലാണ് ഹസ്ര ബിജെപിയിൽ അം​ഗമാകുന്നത്. 'എനിക്ക് കൊവിഡ് രോ​ഗം കണ്ടെത്തുകയാണെങ്കിൽ ഞാൻ മുഖ്യമന്ത്രി മമത ബാനർജിയെ പോയി കെട്ടിപ്പിടിക്കും. മഹാമാരി ബാധിച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദന അവർ മനസ്സിലാക്കണം' എന്നായിരുന്നു ഹസ്രയുടെ  പ്രസ്താവന. 

Latest Videos

undefined

ബിജെപി ദേശീയ സെക്രട്ടറി പദവിയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ഇതിനെതിരെ പരാതി നൽകി. ബം​ഗാളിലെ ബിജെപി നേതാക്കൾ ഹസ്രയുടെ പരാമർശത്തിൽ പ്രതികരണമറിയിച്ചിരുന്നില്ല. 'ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സംസാരിക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കണം' എന്നായിരുന്നു ബിജെപി വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പ്രതികരണം. പശ്ചിമബം​ഗാളിൽ 2.6 ലക്ഷം കൊറോണ വൈറസ് ബാധിതരാണുള്ളത്. ഇതുവരെ രോ​ഗം ബാധിച്ച് 5017 പേർ മരിച്ചു. 


 

click me!