
ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മിസൈൽ അടക്കമുള്ള സഹായം നല്കാൻ ചൈന ഒരുങ്ങുന്നതിനിടെ, ഇന്ത്യക്ക് പിന്തുണ ആവർത്തിച്ച് അമേരിക്ക. പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.
പഹൽഗാം ആക്രമണത്തിനു ശേഷം ഇന്ത്യ എടുക്കുന്ന നിലപാടിനെ എതിർക്കില്ലെന്ന സൂചന ഡോണൾഡ് ട്രംപ് നേരത്തെ നല്കിയിരുന്നു. ഇന്ത്യയുടെ കൂടെയുണ്ട് എന്ന സന്ദേശമാണ് യുഎസ് വിദേശകാര്യ വകുപ്പ് ഇന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നല്കിയ പ്രസ്താവനയിൽ ആവർത്തിക്കുന്നത്. 'ഈ ആക്രമണം അംഗീകരിക്കാനാവില്ല. വിഷയം ഉത്തരവാദിത്ത ബോധത്തോടെ പരിഹരിക്കണം'. രണ്ടു രാജ്യങ്ങളുമായും സമ്പർക്കത്തിലാണെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് ഭയക്കുന്ന പാകിസ്ഥാൻ ഇന്നലെ ചൈനയുടെ സഹായം തേടിയിരുന്നു.
എല്ലാ കാലത്തെയും സുഹൃത്തായ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ കൂടെയുണ്ട് എന്നാണ് ചൈന ഇതിനു ശേഷം പ്രസ്താവന ഇറക്കിയത്. ഭീകരവാദത്തെ അനുകൂലിക്കുന്ന നിലപാടായാണ് ഇന്ത്യ ചൈനയുടെ പ്രസ്താവനയെ കാണുന്നത്. ഇക്കാര്യത്തിലെ അതൃപ്തി ചൈനയെ അറിയിക്കും. ചൈന പാകിസ്ഥാന് മിസൈലും തുർക്കി വിമാനങ്ങളും നല്കും എന്ന റിപ്പോർട്ടുകളുമുണ്ട്.
അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ ജോയിൻറ് സെക്രട്ടറി ആനന്ദ് പ്രകാശ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത് താലിബാൻ പാകിസ്ഥാനൊപ്പം നില്ക്കരുത് എന്ന സന്ദേശം നല്കാനാണ്. ശശി തരൂരും അസദുദ്ദീൻ ഉവൈസിയും അടക്കമുള്ള എംപിമാരെ ഗൾഫ് രാജ്യങ്ങളിലയച്ച് ഇന്ത്യ സ്ഥിതി ബോധ്യപ്പെടുത്തുമെന്ന റിപ്പോർട്ടുമുണ്ട്. എന്തായാലും ചൈനയുടെയും തുർക്കിയുടെയും സഹായത്തോടെ പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണി തൽക്കാലം കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ചൈനീസ് നിലപാടിൽ ഇന്ത്യക്ക് അതൃപ്തി
പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യ കടുത്ത അതൃപ്തിയിലാണ്.ഐക്യരാഷ്ട്ര രക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തി. ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നുവെന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam