ബാൻഡേജുമായി മൂന്ന് മണിക്കൂർ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുംബൈ: തലയ്ക്കേറ്റ പരിക്കുമായി ആശുപത്രി വരാന്തയിൽ മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആശുപത്രി ജീവനക്കാരൻ ചികിത്സ കിട്ടുന്നതിന് മുമ്പ് മരിച്ചു. മുംബൈയിലെ സെന്റ് ജോർജ് ആശുപത്രിയിലാണ് സംഭവം. ഇതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ അനിഷ് കൈലാശ് ചൗഹാൻ എന്ന യുവാവാണ് മരിച്ചത്. തലയിൽ ചുറ്റിക്കെട്ടിയ ബാൻഡേജുമായി അനീഷ് ചികിത്സ കാത്ത് വീൽ ചെയറിൽ ഇരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അനീഷിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു. ചികിത്സ വൈകിയതാണ് മരണ കാരണമായതെന്ന് അവർ ആരോപിച്ചു. ഉത്തവാദിത്തരഹിതമായ പ്രവൃത്തിയാണ് ഡോക്ടറിൽ നിന്നുണ്ടായതെന്ന് അനീഷിനൊപ്പം ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർ പറയുന്നു. ഏറെ നേരം കാത്തിരുന്ന ശേഷം ഒടുവിൽ ഒരു ഇന്റേണിനെയാണ് അനീഷിനെ പരിശോധിക്കാൻ ഡോക്ടർ പറഞ്ഞയച്ചതെന്നും ഇവർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് മുംബൈ സോൺ 1 ഡിസിപി പ്രവീൺ മുണ്ടെയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി.
ആശുപത്രിയിലെ റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസ് കാവൽ നിന്നു. എന്നാൽ ഡോക്ടർക്കെതിരെ നടപടിയെടുക്കാതെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ആശുപത്രി ആർ.എം.ഒയെയും ചീഫ് മെഡിക്കൽ ഓഫീസറെയും മെഡിക്കൽ സൂപ്രണ്ടിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ല സെന്റ് ജോർജ് ആശുപത്രിക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം