കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം: അശോക് ഗെല്ലോട്ടിൻ്റെ വിശ്വസ്തര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

By Pranav Ayanikkal  |  First Published Feb 20, 2023, 4:23 PM IST

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 47 പേർക്കാണ് വോട്ടവകാശം


ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ സോണിയ ഗാന്ധിയുടെയും,രാഹുൽ ഗാന്ധിയുടെയും വോട്ടവകാശം  ഉത്തർപ്രദേശ് പിസിസിയിൽ നിന്ന്. പ്രിയങ്കഗാന്ധി ദില്ലി പിസിസി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ പട്ടികയിൽ അശോക് ഗലോട്ടിൻ്റെ വിശ്വസ്തരായ രണ്ട് പേർ പുറത്തായത് ശ്രദ്ധേയമായി. രാജസ്ഥാൻ സർക്കാരിലെ മന്ത്രി ശാന്തി ധരിവാൾ, മഹേഷ് ജോഷി എന്നിവരെയാണ് ഒഴിവാക്കിയത്. അധ്യക്ഷ തെരഞ്ഞെടുപ്പ് വേളയിൽ രാജി നാടകത്തിന് നേതൃത്വം നൽകിയവരാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അതേസമയം സച്ചിൻ പൈലറ്റ് ക്യാമ്പിലെ മൂന്ന് പേർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 47 പേർക്കാണ് വോട്ടവകാശം. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ, എഐസിസി  അംഗങ്ങളടക്കമുള്ളവർക്കാണ് വോട്ടവകാശം. പട്ടികയിൽ എ കെ ആൻറണി, ഉമ്മൻചാണ്ടി , കെ സി വേണുഗോപാൽ, ശശി തരൂരടക്കമുള്ള നേതാക്കളുണ്ട്. 16 പേർ ക്ഷണിതാക്കളായും സമ്മേളനത്തിൻറെ ഭാഗമാകും. സംസ്ഥാന ഘടകം നൽകിയ നൂറിലേറെ പേരുള്ള പട്ടിക വെട്ടിച്ചുരുക്കിയാണ് 63ലെത്തിച്ചത്.  

Latest Videos

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പോ നോമിനേഷനോ എന്ന കാര്യം 24 ന് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ തീരുമാനമാകും. സോണിയ ഗാന്ധിയേയും, രാഹുൽ ഗാന്ധിയേയും മുൻ പ്രസിഡൻറുമാരെന്ന പരിഗണനയിൽ സ്ഥിരാംഗങ്ങളാക്കുന്നതിൽ ഏകാഭിപ്രായമുണ്ട്. മുൻ പ്രധാനമന്ത്രിയെന്ന ആനുകൂല്യത്തിൽ മൻമോഹൻസിംഗും സ്ഥിരാംഗമാകാനുള്ള സാധ്യതയുണ്ട്

click me!