നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക്ക് എന്നിവയുടെ ഉത്പാദനത്തിനുള്ള സൗകര്യം പരിശോധിക്കുമ്പോൾ പ്രതിമാസം പതിനൊന്ന് കോടി ഡോസ് തയ്യാറാക്കാനുള്ള ശേഷിയേ ഉള്ളു. അതായത് അടുത്ത മാസം ആവശ്യമുള്ളതിൻ്റെ പത്തു ശതമാനം ഡോസ് മാത്രം പ്രതീക്ഷിച്ചാൽ മതി.
ദില്ലി: രാജ്യത്ത് ആവശ്യമായ വാക്സീന്റെ പത്തിലൊന്ന് പോലും ഉത്പാദിപ്പിക്കാനാവാത്ത ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്. 18 വയസിനു മുകളിലുള്ളവർക്ക് വാക്സീനേഷൻ പൂർത്തിയാക്കാൻ മാസങ്ങൾ വേണ്ടി വന്നേക്കും. ഉത്പാദന സൗകര്യം കൂട്ടാൻ നിലവിൽ നാല് മാസമെങ്കിലും വേണ്ടി വരുമെന്നാണ് നിർമ്മാണ കമ്പനികൾ പറയുന്നത്.
രാജ്യത്ത് പതിനെട്ട് വയസ്സിനു മുകളിലുള്ളവർക്ക് എല്ലാം വാക്സീൻ നൽകുന്നതിനുള്ള മേയ് ഒന്നിന് നടപടി തുടങ്ങും. മരുന്ന് ക്ഷാമം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തോടുള്ള അഭിസംബോധനയിൽ പറഞ്ഞു. 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർ ജനസംഖ്യയുടെ 44 ശതമാനം എന്നാണ് ഏതാണ്ട് കണക്ക്. അതായത് 60 കോടി. ഇവർക്ക് രണ്ടു ഡോസുകൾ വീതം നല്കണമെങ്കിൽ 120 കോടി ഡോസ് വേണം.
undefined
നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക്ക് എന്നിവയുടെ ഉത്പാദനത്തിനുള്ള സൗകര്യം പരിശോധിക്കുമ്പോൾ പ്രതിമാസം പതിനൊന്ന് കോടി ഡോസ് തയ്യാറാക്കാനുള്ള ശേഷിയേ ഉള്ളു. അതായത് അടുത്ത മാസം ആവശ്യമുള്ളതിൻ്റെ പത്തു ശതമാനം ഡോസ് മാത്രം പ്രതീക്ഷിച്ചാൽ മതി. ഇപ്പോഴത്തെ പ്രതിസന്ധി ഇതേപടി തുടരും എന്നർത്ഥം. കേന്ദ്രം നല്കിയ ധനസഹായം ഉപയോഗിച്ച് ഉത്പാദന സൗകര്യം കൂട്ടാൻ നാലു മാസം എങ്കിലും വേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.
മേയ് ഒന്നു മുതൽ വാക്സീൻ മരുന്ന് കടകളിലൂടെ വിതരണം ചെയ്യാൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്ത ആശുപത്രികൾക്കും, സെൻ്ററുകൾക്കും, കൂട്ട വാക്സിനേഷൻ നല്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികളിൽ നിന്ന് ഇത് വാങ്ങാം. വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറങ്ങും. നിലവിൽ കേന്ദ്രത്തിന് 150 രൂപയ്ക്കാണ് ഒരു ഡോസ് മരുന്ന് കിട്ടുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 250 രൂപയാണ് ഈടാക്കുന്നത്. എന്നാൽ കേന്ദ്രത്തിന് നൽകാതെ നേരിട്ട് വിതരണം ചെയ്യുന്ന മരുന്നിന് 700 മുതൽ ആയിരം രൂപ വരെ ഡോസിന് ഈടാക്കുമെന്ന സൂചനയാണ് കമ്പനികൾ നല്കുന്നത്.
വാക്സീനേഷന് എത്തുന്നവരുടെ നീണ്ട നിര ആശുപത്രികൾ നിറയുന്നതിനൊപ്പം തന്നെ പ്രതിസന്ധിയാവുകയാണ് പല സംസ്ഥാനങ്ങളിലും. വാക്സീന് അനുമതി നൽകു 4 മാസത്തിനു ശേഷവും ഉത്പാദനത്തിൽ എന്തുകൊണ്ട് മെല്ലെപോക്ക് ഉണ്ടായി എന്ന ചോദ്യമാണ് സർക്കാരിന് നേരെ ഉയരുന്നത്.