'എസ്ഒഎസ് ബട്ടണമർത്തി, ഒന്നും സംഭവിച്ചില്ല, ഞാൻ ഇറങ്ങിയോടി'; ഒല ടാക്സിയിലെ പേടിപ്പെടുത്തുന്ന അനുഭവവുമായി യുവതി

By Web Team  |  First Published Dec 23, 2024, 2:35 PM IST

ടോൾ പ്ലാസ കടന്നതോടെ ടാക്സിയുടെ വേഗം കുറഞ്ഞു. അപരിചിതർ കൈകാണിച്ചപ്പോൾ ഡ്രൈവർ കാർ നിർത്തിയെന്ന് യുവതി.


ദില്ലി: ഒല ടാക്സിയിലെ യാത്രക്കിടെയുണ്ടായ ഭീകരമായ അനുഭവം പങ്കുവച്ച് യുവതി. ഡിസംബർ 20 ന് ഉച്ചയ്ക്ക് 1.30 ഓടെ ടാക്സിയിൽ പോകവേയുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് യുവതി പങ്കുവച്ചത്. 

ഗുഡ്ഗാവിലേക്കുള്ള യാത്രയ്ക്കിടെ ടോൾ പ്ലാസ കടന്നതോടെ ടാക്സിയുടെ വേഗം കുറഞ്ഞെന്ന് യുവതി പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് ഡ്രൈവർ മറുപടി പറഞ്ഞില്ല. പിന്നാലെ ക്യാബ് നിർത്താൻ രണ്ട് പേർ ആംഗ്യം കാണിച്ചു. ഡ്രൈവർ കാർ റോഡരികിൽ നിർത്തുന്നത് കണ്ടതോടെ, എന്തിനാണ് അപരിചിതർ കൈകാണിച്ചപ്പോൾ നിർത്തിയതെന്ന് ചോദിച്ചെന്നും യുവതി പറഞ്ഞു. എന്നിട്ടും ഡ്രൈവർ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും മറ്റ് രണ്ട് പേർ കൂടി ബൈക്കിലെത്തിയതായി യുവതി പറഞ്ഞു. 

Latest Videos

undefined

ഡ്രൈവർ ഉൾപ്പെടെ തനിക്കറിയാത്ത അഞ്ച് അപരിചിതർ. വിജനമായ റോഡിൽ വാഹനങ്ങൾ കുറവായിരുന്നുവെന്ന് യുവതി പറഞ്ഞു. അതിനിടെ  ഇൻസ്‌റ്റാൾമെന്‍റിൽ കുടിശ്ശിക വന്നുവെന്ന് ഡ്രൈവർ പറയുന്നത് അവ്യക്തമായി കേട്ടെന്നും ചില സാമ്പത്തിക ഇടപാടുകളാണെന്ന് തനിക്ക് മനസ്സിലായെന്നും യുവതി പറഞ്ഞു. ഭയന്നുവിറച്ച താൻ ടാക്സി മുന്നോട്ടെടുക്കാൻ പറഞ്ഞിട്ടും ഡ്രൈവർ അനങ്ങിയില്ല. വാഹനത്തിനരികിലേക്ക് ആ അപരിചിതരായ നാല് പേരും നടന്നടുക്കാൻ തുടങ്ങിയതോടെ താൻ ധൈര്യം സംഭരിച്ച് ഡോർ തുറന്ന് പുറത്തേക്ക് ഓടിയെന്നും യുവതി പറഞ്ഞു. അതിനിടെ ഒല ആപ്പിലെ എസ്എസ് ബട്ടൺ അമർത്തി. പക്ഷേ പ്രവർത്തിച്ചില്ലെന്ന് യുവതി വിശദീകരിച്ചു.

ക്യാബുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന സംഭവമാണിത്. ഇക്കാര്യം യാത്രക്കാരി ഒല സിഇഒ ഭവിഷ് അഗർവാളിന്‍റെ ശ്രദ്ധയിപ്പെടുത്തി. സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്ന് യുവതി ചൂണ്ടിക്കാട്ടി. തുടർന്ന് ഒല വിശദാംശങ്ങൾ തേടിയെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന് യുവതി പറഞ്ഞു. 

മക്കളുടെ സ്വത്തിൽ മാതാപിതാക്കൾക്ക് അവകാശമുണ്ടോ? പെണ്‍മക്കൾക്കും ആണ്‍മക്കൾക്കും വ്യത്യസ്ത നിയമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!