പഴയ അതേ 'ചാണക്യ സൂട്ട്' തന്നെ ട്രംപിനും; വരവേൽക്കാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങി

By Web Team  |  First Published Feb 24, 2020, 7:38 AM IST

സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയുമാണ് ദില്ലിയിൽ. മൗര്യ ഷെറാട്ടണിലെ ബുള്ളറ്റ് പ്രൂഫ് ഗ്രാന്‍റ് പ്രസിഡൻഷ്യൽ സ്വീട്ടിൽ ക്ളിന്‍റനും ബുഷിനും ഒബാമക്കും ശേഷം ഡോണൾഡ് ട്രംപും അതിഥിയാകുന്നു. 


ദില്ലി: ജോര്‍ജ് ബുഷും ബരാക് ഒബാമയും താമസിച്ച അതേ ചാണക്യ സൂട്ടാണ് ദില്ലിയിലെ മൗര്യ ഷെറാട്ടണിൽ ട്രംപിനായി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതി ഭവനും ഹൈദരാബാദ് ഹൗസും പൂക്കൾ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്കൻ സീക്രട് ഏജന്‍റുമാരും ദില്ലിയിൽ തങ്ങുന്നുണ്ട്. താജ് മഹൽ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാത്രി 7.30 ന് ട്രംപ് ദില്ലിയിലെത്തും.

സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയുമാണ് ദില്ലിയിൽ. മൗര്യ ഷെറാട്ടണിലെ ബുള്ളറ്റ് പ്രൂഫ് ഗ്രാന്‍റ് പ്രസിഡൻഷ്യൽ സ്വീട്ടിൽ ക്ളിന്‍റനും ബുഷിനും ഒബാമക്കും ശേഷം ഡോണൾഡ് ട്രംപും അതിഥിയാകുന്നു. നാളെ ട്രംപ് മടങ്ങുന്നതുവരെ ഹോട്ടലിലേക്ക് പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ല. മൗര്യ ഷെറാട്ടണിനോട് ചേര്‍ന്നുള്ള താജ് പാലസ് ഹോട്ടലിലെ മുറികളിലും അമേരിക്കയുടെ സുരക്ഷാവിഭാഗങ്ങൾ തങ്ങും. സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്കയുടെ 30 സീക്രട് ഏജന്‍റുമാരും പലയിടങ്ങളിലായി തങ്ങുന്നു.

Latest Videos

undefined

ട്രംപ് സഞ്ചരിക്കുന്ന വഴികളിലും ഹോട്ടലിന് ചുറ്റും നൈറ്റ് വിഷൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. മൂന്നടുക്കുള്ള സുരക്ഷയിൽ ആദ്യ തട്ട് ദേശീയ സുരക്ഷ ഗാര്‍ഡുകൾ നിയന്ത്രിക്കും. പൗരത്വ ഭേദഗതിക്കെതിരെ ഇന്നലെയും പ്രതിഷേധങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സൈന്യക അര്‍ദ്ധ സൈനിക വിഭാഗങ്ങളിലും പൊലീസും ന്യൂദില്ലിക്ക് ചുറ്റും കാവൽ നിൽക്കും.

ട്രംപിന് ഔദ്യോഗിക വരവേല്പ് നൽകുന്ന രാഷ്ട്രപതി ഭവനിലും ചര്‍ച്ചകൾ നടക്കുന്ന ഹൈദരാബാദ് ഹൗസിലും വിവിധ തരത്തിലുള്ള 10,000 ത്തിലധികം ചട്ടികളിലായി പൂച്ചെടികൾ ഒരുക്കി. വായുമലിനീകരണം കുറക്കാൻ ന്യൂദില്ലിയിലെ മരങ്ങളിലെല്ലാം വെള്ളം തളിച്ചും റോഡുകൾ കഴുകി വൃത്തിയാക്കിയും ഒരുക്കങ്ങൾ. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഡ്വൈറ്റ് ഐസനോവര്‍ മുതൽ ആറ് അമേരിക്കൻ പ്രസിഡന്‍റുമാര്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അവര്‍ക്ക് നൽകിയതിനെക്കാൾ വലിയ വരവേല്പ് നൽകാൻ തന്നെയാണ് അഹമ്മദാബാദിനൊപ്പം ഇന്ദ്രപ്രസ്ഥത്തെയും ഒരുക്കിയിരിക്കുന്നത്.

നാളെ രാവിലെ 10 മണിക്കാണ് രാഷ്ട്രപതി ഭവനിലെ സ്വീകരണ ചടങ്ങ്. 10.30 ന് രാജ്ഘാട്ടിലെ ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ഛന. 11 മണിക്ക് ഹൈദരാബാദ് ഹൗസിൽ ചര്‍ച്ചകൾ. 12.40ന് വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. മോദി-ട്രംപ് കൂടിക്കാഴ്ചകൾ നടക്കുമ്പോൾ അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് ദക്ഷിണ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂൾ സന്ദര്‍ശിക്കും. രാത്രി 7.30ന് രാഷ്ട്രപതി ഭവനിൽ വിരുന്ന് സൽക്കാരം. 10 മണിക്ക് ട്രംപും സംഘവും മടങ്ങും. 

click me!