മഹ്സി നിയമസഭ മണ്ഡലത്തിൽ മാത്രം ചെന്നായയുടെ ആക്രമണത്തിൽ ഇതുവരെ 8 പേർക്ക് ജീവൻ നഷ്ടമാകുകയും 30-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ലഖ്നൌ: ഉത്തർപ്രദേശിൽ വീണ്ടും ചെന്നായയുടെ ആക്രമണം. ബഹ്റൈചിൽ കുടുംബാംഗങ്ങൾക്കൊപ്പം ടെറസിൽ കിടന്ന് ഉറങ്ങുകയായിരുന്ന 11കാരനെ ചെന്നായ ആക്രമിച്ചു. കിടക്കയിൽ കിടക്കുകയായിരുന്ന കുട്ടിയെ ചെന്നായ കടിച്ച് വലിച്ചു. നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഉണർന്നതോടെ കുട്ടിയെ ഉപേക്ഷിച്ച് ചെന്നായ കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചെന്നായ ആക്രമണങ്ങളിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
ചെന്നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നൽകിയ നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉൾപ്പെടെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും വനം വകുപ്പും ജില്ലാ ഭരണകൂടവും പോലീസും ഈ പ്രദേശത്തെ ചെന്നായ ഭീഷണി പൂർണ്ണമായും ഇല്ലാതാകുന്നതുവരെ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മനുഷ്യ-വന്യജീവി സംഘർഷങ്ങളെ ദുരന്തമായാണ് കണക്കാക്കുന്നത്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്നും പരിക്കേറ്റവർക്ക് പേവിഷ പ്രതിരോധ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നായയെ ജീവനോടെ പിടികൂടുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, മേഖലയിൽ മനുഷ്യ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യത്തിൽ അവസാന നടപടിയെന്നോണം ചെന്നായയെ വെടിവെയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഹ്സി നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ആളുകളെ ചെന്നായ ആക്രമിച്ചത്. എട്ട് പേർക്കാണ് ഇതുവരെ മഹ്സിയിൽ മാത്രം ചെന്നായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 30-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലിറങ്ങിയ അഞ്ച് ചെന്നായകളെയും പിടികൂടിയെങ്കിലും ഒരെണ്ണം ഇപ്പോഴും പിടിതരാതെ അവശേഷിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
READ MORE: കോളേജ് ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തെന്ന് പരാതി; ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി, സംഭവം ഒഡീഷയിൽ