രാജ്യത്ത് 24 മണിക്കൂറിനിടെ 5242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഏറ്റവും ഉയർന്ന നിരക്ക്

By Web Team  |  First Published May 18, 2020, 10:02 AM IST

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർധനവാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 5242 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്


ദില്ലി: രാജ്യത്ത് ലോക്ക് ഡൗൺ നാലാമതും നീട്ടാൻ തീരുമാനിച്ചതിന്റെ പിന്നാലെ ഇന്ന് കേന്ദ്ര മന്ത്രിമാരുടെ യോഗം നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. രാവിലെ 11 മണിക്കാണ് യോഗം.

അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വർധനവാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. 5242 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3029 ആയി. ആകെ രോഗബാധിതരുടെ എണ്ണം 96169 ആണ്. 36823 പേർക്ക് രോഗം ഭേദമായി. 56316 പേരാണ് ചികിത്സയിലുള്ളത്.

Latest Videos

നാലാം ഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിൻറെ മാർഗ്ഗ നിർദ്ദേശം ഇന്നിറങ്ങും. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിൽ അന്തിമ തീരുമാനവും ഇന്നെടുക്കും. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും. സ്കൂളുകൾ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ മാറ്റിവെക്കാനിടയുണ്ട്. 

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതുവരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയവും ഇന്ന് തുടങ്ങും. പൊതു ഗതാഗതവും യാത്രാ വാഹനങ്ങൾ അനുവദിക്കുന്നതിലും സംസ്ഥാന സർക്കാറിന്‍റെ നയപരമായ തീരുമാനം ഇന്ന് ഉണ്ടാകും.

click me!