പിഎംജികെഎവൈ പദ്ധതി പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ ധാന്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ആരോപിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു.
ചണ്ഡീഗഡ്: കേന്ദ്രം നല്‍കിയ പരിപ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചു. 45 മെട്രിക് ടണ്‍ പരിപ്പാണ് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചയച്ചത്. പരിപ്പില്‍ പൂപ്പലും പക്ഷിക്കാഷ്ഠവും കണ്ടെത്തിയെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും പഞ്ചാബ് സര്‍ക്കാര്‍ ആരോപിച്ചു. ധാന്യം മൊഹാലി ജില്ലയില്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെ ധാന്യം വാങ്ങിയവരില്‍ നിന്ന് തിരിച്ചുവാങ്ങി. പരിശോധിക്കാതെ ധാന്യം സ്വീകരിച്ചതിന് ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
പിഎംജികെഎവൈ പദ്ധതി പ്രകാരം പഞ്ചാബ് സര്‍ക്കാര്‍ ധാന്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ആരോപിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. കേന്ദ്ര പദ്ധതി പ്രകാരം ഒരു ശതമാനം ധാന്യം മാത്രമാണ് നല്‍കിയതെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ഭരത് ഭൂഷന്‍ മറുപടി നല്‍കി. പരിപ്പ് ഒരു മാസം വൈകിയാണ് സംസ്ഥാനത്തിന് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് കേന്ദ്രം നല്‍കിയ പരിപ്പിന് ഗുണനിലവാരമില്ലെന്ന് കാണിച്ച് തിരിച്ചയച്ചത്.
സംസ്ഥാനത്തിന് 10,800 മെട്രിക് ടണ്‍ പരിപ്പാണ് കേന്ദ്രം അനുവദിച്ചത്. മൊഹാലിയിലെ കിരണ്‍ദീപ് കൗര്‍ എന്ന യുവതിയാണ് ധാന്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. സര്‍ക്കാര്‍ നല്‍കിയ പരിപ്പ് കാലികള്‍ക്ക് പോലും പറ്റില്ലെന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ പരിശോധനക്കെത്തി.