ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല...
മുസഫര്‍പൂര്‍: ലോക്ക്ഡൗണ്‍ ആയതോടെ ദുരിതപ്പെട്ട് മരിച്ചതത്രയും അതിഥി തൊഴിലാളികളായിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ പെടാപ്പാടുപെട്ടവരില്‍ പലരും പലവഴികളും ശ്രമിച്ച് തെരുവില്‍ കിടന്ന് മരിച്ചു. നിരവധി ചിത്രങ്ങളാണ് ഇവരുടെ ഈ ദുരിതത്തിന്‍റെ നേര്‍രൂപങ്ങളായി പുറത്തുവന്നത്. ഇപ്പോഴിതാ ഉള്ളുപൊള്ളുന്ന മറ്റൊരു ദൃശ്യം കൂടി....
സ്റ്റേഷനില്‍ മരിച്ചുകിടക്കുന്ന അമ്മയെ വിളിച്ചുണര്‍ത്തി എഴുനേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിഥി തൊഴിലാളിയായ ഈ സ്ത്രീയുടെ ശരീരം മൂടിയിരിക്കുന്ന തുണി പിടിച്ചുവലിച്ചാണ് ആ കുഞ്ഞ് അമ്മയെ ഉണര്‍ത്താന്‍ നോക്കുന്നത്. ആ തുണി നീങ്ങുന്നതല്ലാതെ അവന്‍റെ അമ്മ അനങ്ങുന്നേയില്ല... ചൂടും വിശപ്പും നിര്‍ജ്ജലീകരണവും സഹിക്കാനാവാതെയാണ് അവര്‍ മരിച്ചത്.
ബിഹാറിലെ മുസഫര്‍പൂരില്‍ നിന്നുള്ളതാണ് ഉള്ളുപൊള്ളിക്കുന്ന ഈ ദൃശ്യങ്ങള്‍. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ അവശയായിരുന്നു സ്ത്രീയെന്ന് അവളുടെ കുടുംബം പറഞ്ഞു. ഞായറാഴ്ച ഗുജറാത്തില്‍ നിന്നാണ് ഇവര്‍ ട്രെയിന്‍ കയറിയത്. തിങ്കളാഴ്ചയോടെ ട്രെയിന്‍ മുസഫര്‍നഗറിലെത്തി. അവിടെ വച്ച് സ്ത്രീ കുഴഞ്ഞുവീണു. പട്ടിണി കിടന്നും ചൂടുസഹിക്കാതെയും ഇതേ സ്റ്റേഷനില്‍ വച്ച് രണ്ട് വയസ്സുള്ള കുഞ്ഞും മരിച്ചിരുന്നു.
അവര്‍ സ്റ്റേഷനില്‍ വീണതോടെ അമ്മയെ തൊട്ടുംതലോടിയും അവരുടെ മകന്‍ കളിക്കാന്‍ തുടങ്ങി. പിന്നെ അമ്മയെ വിളിച്ചുണര്‍ത്താനായി ശ്രമം. മുതിര്‍ന്ന കുട്ടി അവനെ പിടിച്ചുകൊണ്ടുപോകുന്നതുവരെ അവന്‍ ഇത് തുടരുകയായിരുന്നു.
മാര്‍ച്ച് അവസാനത്തോടെ തുടങ്ങിയ ലോക്ക്ഡൗണില്‍ ജോലിയും താമസവും നഷ്ടപ്പെട്ട് കഴിക്കാന്‍ ആഹാരമോ വെള്ളമോ ഇല്ലാതെ നിരവധി അതിഥി തൊഴിലാളികളാണ് തെരുവിലായത്. തൊഴിലെടുക്കുന്നിടങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള പാലായനത്തിനിടെ കുറേ പേര്‍ പട്ടിണി കിടന്നും അപകടത്തില്‍പ്പെട്ടും മരിച്ചു.
ഈ മാസം ആദ്യം മുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതത് ഇടങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സാങ്കേതിക കാരണങ്ങളാണ് ഇത് കൃത്യമായി നടക്കാതെ വരുന്നിടങ്ങളില്‍ നിന്ന് ആളുകള്‍ അനധികൃതമായി നട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ട്. കാല്‍നടയായും സൈക്കിള്‍ ചവിട്ടിയും യമുനാനദി താണ്ടിയുമെല്ലാം വീട്ടിലെത്തുന്നവരുമുണ്ട്.