രാജ്യാന്തര മാർക്കറ്റിൽ 6500 കോടി വിലവരുന്ന കൊക്കെയ്ൻറെ ഇന്ത്യയിലെ വ്യാപാരം സൂപ്പർവൈസ് ചെയ്യാനായി എത്തിയ ബ്രിട്ടീഷ് യുവാവ് അറസ്റ്റിൽ
അമൃത്സർ: രാജ്യത്തെ കൊക്കെയ്ൻ വ്യാപാരത്തിന്റെ മേൽനോട്ടം വഹിക്കാനായി ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവാവ് പിടിയിൽ. അമൃത്സറിൽ വച്ചാണ് യുകെ സ്വദേശിയെ ദില്ലി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. 27 വർഷമായി ബ്രിട്ടനിൽ താമസമാക്കിയ ജിതേന്ദർ പ്രീത് ഗിൽ എന്നയാളെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ബുധനാഴ്ച നടന്ന ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രാജ്യാന്തര മാർക്കറ്റിൽ 6500 കോടി വിലവരുന്ന കൊക്കെയ്ൻ വ്യാപാരം സൂപ്പർവൈസ് ചെയ്യാനായി എത്തിയതാണ് യുവാവെന്നാണ് പൊലീസ് ദേശീയമാധ്യമങ്ങളോട് വിശദമാക്കിയത്.
ഒരു ആപ്പിന്റെ സഹായത്തോടെയാണ് ലഹരിമരുന്ന് വിതരണം നടന്നിരുന്നതെന്ന് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തുഷാർ ഗോയലിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതേന്ദർ പ്രീത് ഗില്ലിന്റെ പങ്കിനേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ആദ്യം ഇയാൾ താമസിച്ചിരുന്ന ഹോട്ടലിൽ പൊലീസ് പരിശോധിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച തന്നെ ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.
ഇതിന് പിന്നാലെ യുവാവ് അമൃത്സറിലേക്ക് കടക്കുകയായിരുന്നു. അമൃത്സർ വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. ദുബായ് അടിസ്ഥാമായുള്ള വീരു എന്ന പേരിലുള്ള വ്യക്തിയാണ് ലഹരിമരുന്ന് സിൻഡിക്കേറ്റിനെ നിയന്ത്രിക്കുന്നത്. മറ്റ് രണ്ട് വിദേശികളും ഇയാൾക്കൊപ്പം ബിസിനസിന്റെ ഭാഗമാണ്. ഏറ്റവുമൊടുവിൽ വന്ന ലഹരിമരുന്ന് വലിയ അളവിലുള്ളതിനാൽ വീരു ജിതേന്ദർ പ്രീത് ഗില്ലിനോട് ഇന്ത്യയിലെത്തി കാര്യങ്ങൾ സൂപ്പർവൈസ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്.
അറസ്റ്റിലായ ലഹരിമരുന്ന് വ്യാപാരി ഗോയലിനുമായി ബന്ധമുള്ളവർക്കായി പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച 562 കിലോ എ ഗ്രേഡ് കൊളംബിയൻ കൊക്കെയ്നാണ് ദില്ലി പൊലീസ് പിടികൂടിയത്. ദില്ലി, മുംബൈ, ഗോവ എന്നിവിടങ്ങളിൽ നടക്കുന്ന സംഗീത പരിപാടികൾക്കായി ആയിരുന്നു കൊക്കെയ്ൻ എത്തിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം