അടുത്തത് കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളാണ്. മുംബൈയിൽ എങ്ങനെയെങ്കിലും പിടിച്ച് നിൽക്കാൻ ആയേക്കും. അവിടെ ബാൽതാക്കറെ പ്രഭാവത്തിന് മാത്രം കുറച്ച് വോട്ടുണ്ട്. പക്ഷെ താനെയിൽ അങ്ങനെയല്ല
മുംബൈ: എംഎൽഎമാരും എംപിമാരും കൂട്ടത്തോടെ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം. നിയമസഭയിലും ലോക്സഭയിലും കോർപ്പറേഷനുകളിലുമൊക്കെ വിമത തരംഗം ആഞ്ഞ് വീശുന്നു. ഭരണനഷ്ടത്തിന് പിന്നാലെ പാർട്ടി പിളരുമോ എന്നതിനപ്പുറം പാർട്ടിയിൽ നിന്ന് താൻ പുറത്താവുമോ എന്നതിലേക്ക് വരെ ഉദ്ദവ് താക്കറെയുടെ ആശങ്ക എത്തി നിൽക്കുന്നു. പാർട്ടിയുടെ ചിഹ്നവും കൊടിയും ഓഫീസുമെല്ലാം സ്വന്തമാക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു ഏക്നാഥ് ഷിൻഡെ. മറ്റൊരു ചിഹ്നത്തിൽ മത്സരിക്കേണ്ടി വന്നാൽ ചെയ്യേണ്ടതെന്തെന്ന് ഇപ്പോൾ ആലോചിക്കുകയാണ് ഉദ്ദവ് ക്യാമ്പ്. അടുത്തത് കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളാണ്. മുംബൈയിൽ എങ്ങനെയെങ്കിലും പിടിച്ച് നിൽക്കാൻ ആയേക്കും. അവിടെ ബാൽതാക്കറെ പ്രഭാവത്തിന് മാത്രം കുറച്ച് വോട്ടുണ്ട്. പക്ഷെ താനെയിൽ അങ്ങനെയല്ല, ഷിൻഡെയുടെ തട്ടകത്തിൽ ഭരണം വിമതർ കൊണ്ട് പോവും. തടയാനുള്ള തന്ത്രങ്ങളാണ് ഉദ്ദവ് താക്കറെ ഒരുക്കുന്നത്.
undefined
ആനന്ദ് ഡിഗെയുടെ ശിഷ്യർ നേർക്കുനേർ
താനെ കോർപ്പറേഷൻ ഭരിക്കുന്ന ശിവസേനയുടെ കോർപ്പറേറ്റർമാർ കൂട്ടത്തോടെ ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. 66 ൽ 65പേരും ശിൻഡെയ്ക്കൊപ്പം പോയപ്പോൾ ഒരാൾ മാത്രം മാറി നിന്നു. താനെയിൽ നിന്നുള്ള ശിവസേനാ എംപി രാജൻ വിചാരെയുടെ ഭാര്യ നന്ദനി. വിമത തരംഗത്തിലും ഉദ്ദവിനൊപ്പം ഉറച്ച് നിൽക്കുകയാണ് രാജൻ വിചാരെ. രാജൻ വിചാരെയെ മുന്നിൽ നിർത്തിയാവും ഇനി താനെയിൽ ഉദ്ദവിന്‍റെ കരു നീക്കങ്ങൾ. ഉദ്ദവിനോടുള്ള വിചാരെയുടെ കൂറ് മാത്രമല്ല യോഗ്യത. വിചാരയുടെ ഗുരുവിന്‍റെ പേര് ആനന്ദ് ഡിഗെ എന്നാണ്. അതായത് ഏക്നാഥ് ഷിൻഡെയുടെ ഗുരു തന്നെയാണ് വിചാരയുടേയും. ജനപിന്തുണയും ഡിഗെയുടെ പിൻഗാമി എന്ന വിശേഷണവും ഏക്നാഥ് ഷിൻഡെയ്ക്ക് തന്നെയാണ്. പക്ഷെ വിചാരെയല്ലാതെ മറ്റൊരു മറുമരുന്ന് ഉദ്ദവിന് മുന്നിലില്ല. ഷിൻഡെയുമായി വിചാരെ പാർട്ടിക്കകത്ത് ശീതയുദ്ധം നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ താനെയിൽ വിചാരെ മത്സരിപ്പിക്കുമ്പോൾ കല്യാണിൽ തന്‍റെ മകനെ മത്സരിപ്പിച്ചു ഷിൻഡെ. അന്ന് താനെയിലെ സംഘടനാ സംവിധാനങ്ങളെ കല്യാൺ തെരഞ്ഞടുപ്പിന് വിനിയോഗിച്ചെന്ന പരാതി പാർട്ടികകത്ത് പറഞ്ഞ് തീർത്തതാണ്. പ്രതാപ് സർനായിക് എന്നൊരു പേര് കൂടെ താനെയിലെ ശീതയുദ്ധത്തിൽ പറഞ്ഞ് കേട്ടിരുന്ന പേരാണ്. പക്ഷെ ഇഡി അന്വേഷണങ്ങൾ വരിഞ്ഞ് മുറുകിയപ്പോൾ ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്നു സർനായിക്.
"അമ്പും വില്ലും" നഷ്ടമായേക്കുമെന്ന് ആശങ്ക,പുതിയ ചിഹ്നം ആലോചിച്ച് ഉദ്ദവ് താക്കറെ
താനെയുടെ താക്കറെ, അഥവാ ആനന്ദ് ഡിഗെ
മുംബൈയിൽ ബാൽതാക്കറെ എന്താണോ അതാണ് താനെയിൽ ആനന്ദ് ഡിഗെ. മുപ്പതാം വയസിൽ ശിവസേനയുടെ താനെ ജില്ലാ അധ്യക്ഷനായി. ബാൽ താക്കറെയെപോലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതെ ഭരണകൂടത്തെ നിയന്ത്രിക്കുന്നതായിരുന്നു ശൈലി. നാട്ടുകാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമായി താനെയിലെ തെംബി നാക്കയിലെ വസതിയിൽ സായാഹ്ന ദർബാർ തന്നെ നടത്തുമായിരുന്നു. നൂറ് കണക്കിന് പേരാണ് ഡിഗെയിൽ പ്രതീക്ഷ അർപ്പിച്ച് വീട്ടിലേക്ക് ഒഴുകി എത്തിയിരുന്നത്. മാതോശ്രീയിൽ ബാൽതാക്കറെ ചെയ്തിരുന്നതിന്‍റെ പകർപ്പായിരുന്നു ഇത്. തോമസ് ബ്ലോം ഹാൻസന്‍റെ 2001ൽ പുറത്തിറങ്ങിയ പുസ്തകമായ വേജസ് ഓഫ് വയലൻസ്; നേമിംഗ് ആന്‍റ് ഐഡന്‍റിറ്റി ഇൻ പോസ്റ്റ് കൊളോണിയൽ ബോംബെ എന്ന പുസ്തകത്തിൽ ഡിഗെയെ ഒരു അമാനുഷികനെ പോലെയാണ് വിശേഷിപ്പിക്കുന്നത്. തന്‍റെ ജീപ്പിൽ താനെയിലെ നഗര ഗ്രാമങ്ങളിലൂടെയുള്ള ഡിഗെയുടെ യാത്ര പ്രശസ്തമാണ്. കൂറ് മാറ്റമോ വിമത പ്രവർത്തനമോ അദ്ദേഹം പൊറുക്കില്ലായിരുന്നു.1989 ൽ മേയർ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് ശ്രീധർ കോപ്കർ എന്ന സേനാ കോർപ്പറേറ്ററെ അദ്ദേഹം കൊന്ന് കളഞ്ഞെന്ന് കേസുണ്ട്. ആ കേസിൽ ജാമ്യത്തിൽ കഴിയവേയാണ് മരണം. താക്കറെയ്ക്ക് മുകളിൽ വളരാൻ തുടങ്ങിയെന്ന് തോന്നിയ ഘട്ടം മുതൽ ഡിഗെയുമായി അത്ര ബന്ധമായിരുന്നില്ല ബാൽ താക്കറെയ്ക്ക്. അമ്പതാം വയസിൽ ഒരു വാഹനാപകടത്തിൽ ഡിഗെയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഹൃദയാഘാതെ മൂലം മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. പല ദുരൂഹതകളും പിന്നാലെ ആരോപിക്കപ്പെട്ടു. ഡിഗെയുടെ അനുയായികൾ ആശുപത്രിക്ക് തീയിട്ടു. നാടുമുഴുവൻ സംസ്കാര ചടങ്ങുകൾക്ക് ഒഴുകിയെത്തിയെങ്കിലും ബാൽ താക്കറെ മാത്രം വന്നില്ല. സുരക്ഷാ കാരണങ്ങളാണ് അന്ന് മാതോശ്രീ നൽകിയ വിശദീകരണം. അങ്ങനെയല്ലായിരുന്നെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം
വിമതനീക്കത്തിന് മുന്നോടിയായി സിനിമയെത്തി
ഏക്നാഥ് ഷിൻഡെയുടെ വിമത നീക്കത്തിന് രണ്ട് മാസം മുൻപാണ് ആനന്ദ് ഡിഗെയുടെ കഥ പറയുന്ന ധർമ്മവീർ എന്ന മറാത്തി ചിത്രം റിലീസ് ചെയ്തത്. ഡിഗെയെ വാഴ്ത്തുക മാത്രമായിരുന്നില്ല ചിത്രത്തിന്‍റെ ലക്ഷ്യം. ഡിഗെയുടെ അടുത്ത പിൻഗാമിയാരെന്ന് പറഞ്ഞുറപ്പിക്കുക കൂടിയായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ മാസ് എൻട്രിയും ഡിഗെയുടെ നിർദ്ദേശ പ്രകാരം അനധികൃതമായി പ്രവർത്തിക്കുന്ന ഡാൻസ് ബാർ ഒഴുപ്പിക്കുന്നതുമടക്കം രംഗങ്ങൾ. ഷിൻഡെയ്ക്കൊപ്പം സിനിമകാണാനെത്തിയ ഉദ്ദവ് താക്കറെ രണ്ടാം പാതി മുഴുമിപ്പിക്കാതെ ഇറങ്ങിപ്പോയി. ആനന്ദ് ഡിഗെയുടെ മരണം അടക്കമുള്ള രംഗങ്ങൾ കാണാനാകാത്തത് കൊണ്ടെന്ന് പുറമെ പറഞ്ഞു. പക്ഷെ അതായിരുന്നില്ല കാരണമെന്ന് ചിത്രം കണ്ടവർക്കറിയാം.
താനെ കോർപ്പറേഷൻ പിടിച്ചടക്കി ഷിൻഡെ വിഭാഗം; ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി