ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.
ഹൈദരാബാദ്: അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റൊരാൾ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയും മരണത്തിന് കീഴടങ്ങിയതായി പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ മദാപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
അകാൻഷ (24), സുഹൃത്ത് രഘു ബാബു എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകട സമയത്ത് അകാൻഷയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ബോറബണ്ടയിൽ നിന്ന് മദാപൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലായിരുന്ന വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് നടുവിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും റോഡിലേയ്ക്ക് തെറിച്ചുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.